Site icon Ente Koratty

രാഹുല്‍ രക്ഷകനായി; ബ്ലാസ്റ്റേഴ്സിന് സമനില

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.

25–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെതിരായ ഫ്രീകിക്കിലൂടെയാണ് ഗോവ ലീഡ് നേടിയത്. കിക്കെടുത്ത ജോർജ് ഓർട്ടിസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസിന് മുകളിലൂടെ വലയിലെത്തുകയായിരുന്നു.

40–ാം മിനിറ്റിൽ ബകാരി കോനെയുടെ ഹെഡറിൽ ബ്ലാസ്റ്റേഴ്സ് ഗോവയുടെ വല കുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ 57-ാം മിനിറ്റായപ്പോൾ കെ.പി.രാഹുലിലൂടെ ബ്ലാസ്റ്റേഴ്സിന്റെ പൊന്നുംവിലയുള്ള സമനില ഗോൾ പിറന്നു. ഉജ്ജ്വലമായ ഹെഡറിലൂടെ അതിവേഗം ഗോവയുടെ വല ചലിപ്പിക്കുകയായിരുന്നു രാഹുൽ.

65ാം മിനിറ്റില്‍ ഗോവയുടെ പ്രതിരോധ താരം ഐവാൻ ​ഗോൺസാലസിന് ചുവപ്പുകാർഡ് കണ്ട് പുറത്ത് പോയി. ഹൂപ്പറിന് 84ആം മിനുട്ടിലും ചാൻസ് ലഭിച്ചു. ഇത്തവണ ഗോളി ഇല്ലാത്ത ഒഴിഞ്ഞ ഗോൾ പോസ്റ്റ് ഉണ്ടായിട്ടും ഷൂട്ട് ചെയ്യാതെ ഹൂപ്പർ പാസ് ചെയ്തു.

ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സിന് 14 പോയിന്റായി. ബെംഗളൂരുവിനെയും ജംഷദ്പൂരിനെയും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്താൻ ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനായി.

ഓസ്ട്രേലിയൻ ഫോർവേഡ് ജോർദാൻ മറിയും കോസ്റ്റ നെമനോസുവുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതേസമയം മിഡ്ഫീൽഡർ ഫകുൻഡോ പെരേര കളത്തിലിറങ്ങി.

Exit mobile version