ഐഎസ്എൽ ഏഴാം സീസണിലെ രണ്ടാം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെ പിടിച്ചുകെട്ടിയ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ ഭീഷണിയാവുക. എടികെക്കെതിരെ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സ് മുന്നേറ്റം നോർത്ത് ഈസ്റ്റ് പ്രതിരോധത്തെ എങ്ങനെ മറികടക്കും എന്നത് തന്നെയാണ് മത്സരഗതി നിർണയിക്കുക.
ആദ്യ മത്സരത്തിൽ എടികെയോട് പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. മറുഭാഗത്ത് നോർത്ത് ഈസ്റ്റ് ആവട്ടെ മുംബൈയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇരു മത്സരത്തിലും ഒരേയൊരു ഗോളാണ് മത്സരഫലം നിർണയിച്ചത്. പരാജയപ്പെട്ട ടീമുകളാണ് രണ്ട് മത്സരങ്ങളിലും കളി നിയന്ത്രിച്ചത്. കൂടുതൽ ബോൾ പൊസിഷനും പാസുമൊക്കെ പരാജിതരുടെ പേർക്കായിരുന്നു. എന്നാൽ, ഗോളടിച്ചത് എതിരാളികളും. മുംബൈ സിറ്റി എഫ്സി നോർത്ത് ഈസ്റ്റിൻ്റെ പ്രതിരോധത്തിനു മുന്നിൽ പത്തി മടക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിനു പണികൊടുത്തത് ഭാവനാശൂന്യമായ മധ്യനിര ആയിരുന്നു.
വിസൻ്റെ ഗോമസിനെ മാറ്റിനിർത്തിയാൽ ബ്ലാസ്റ്റേഴ്സ് മധ്യനിര ചത്തുകിടന്നു. സഹലിനും റിത്വിക് ദാസിനും സിഡോയ്ക്കും നവോറത്തിനുമൊന്നും കളത്തിൽ തിളങ്ങാനായില്ല. വിസൻ്റെ ശരിക്കും ഒരു പോസിറ്റീവ് താരം തന്നെയാണ്. അണ്ടർറേറ്റഡ് എന്ന് വിളിക്കാവുന്ന പ്ലയർ. അത്തരം ഒരു മധ്യനിര കൊണ്ട്, മുംബൈയെ തടഞ്ഞുനിർത്തിയ നോർത്ത് ഈസ്റ്റ് പ്രതിരോധം പൊളിക്കാമെന്ന് കരുതുക മണ്ടത്തരമാവും. പരുക്ക് മാറി നിഷു കുമാറും രാഹുൽ കെപിയും തിരികെ എത്തുമോ എന്നതാണ് അറിയേണ്ടത്. ഇരുവരും എത്തിയാൽ ടീം ബാലൻസ് മെച്ചപ്പെടും. മുന്നേറ്റത്തിൽ ഫക്കുണ്ടോ പെരേരയെ ആദ്യ ഇലവനിൽ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഹൂപ്പറും പെരേരയും സ്ട്രൈക്കർമാരായാലും അതിശയിക്കാനില്ല.
ഫൈനൽ തേർഡിൽ കളി മെച്ചപ്പെടാനുണ്ടെന്ന് പരിശീലകൻ കിബു വിക്കൂന തന്നെ സമ്മതിച്ച സ്ഥിതിയ്ക്ക് എന്തായാലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഡിലൻ ഫോക്സ്, അശുതോഷ് മെഹ്ത, എന്നിവർക്കൊപ്പം ഖസ്സ കമാറയും ചേർന്നാണ് മുംബൈ മുന്നേടങ്ങളുടെ മുനയൊടിച്ചത്. അതുകൊണ്ട് തന്നെ മധ്യനിര നിശുവിനെ ഉൾപ്പെടുത്തി ശക്തിപ്പെടുത്തുകയും ആക്രമണ ഫോർമേഷനിലേക്ക് മാറുകയും ചെയ്യുക എന്നതാണ് ബ്ലാസ്റ്റേഴ്സിനുള്ള പോംവഴി.