Site icon Ente Koratty

ഐഎസ്എലിനു ഭീഷണിയായി ക്യാമ്പിൽ കൊവിഡ് ബാധ; പരിശീലനം നിർത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എലിനു ഭീഷണിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാമ്പിൽ കൊവിഡ് ബാധ. കൊവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം നിർത്തി. ഐഎസ്എൽ ആരംഭിക്കാൻ 2 ദിവസം കൂടി ബാക്കി നിൽക്കെയാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താങ്ങളെല്ലാം സ്വയം ഐസൊലേഷനിലാണ്.

രണ്ട് താരങ്ങൾക്കാന് കൊവിഡ് ബാധിച്ചത്. ടീം അംഗങ്ങളെല്ലാം ബയോ ബബിളിനുള്ളിൽ ഉണ്ടായിരുന്നിട്ടും കൊവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. താരങ്ങൾ കൃത്യമായ പരിശോധനകൾക്ക് വിധേയരായിരുന്നു എന്നും എങ്ങനെ കൊവിഡ് ബാധിച്ചു എന്നതിനെപ്പറ്റി ധാരണയില്ലെന്നും ടീം ഒഫീഷ്യൽ അറിയിച്ചു. ഐഎസ്എൽ നിയമം അനുസരിച്ച് കൊവിഡ് സ്ഥിരീകരിക്കുന്ന താരങ്ങൾ ക്വാറൻ്റീനിൽ കഴിയുകയും രണ്ട് കൊവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആവുകയും വേണം. ഈ മാസം 21നാണ് നോർത്ത് ഈസ്റ്റിൻ്റെ ആദ്യ മത്സരം. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുംബൈ സിറ്റിക്കെതിരായ ഈ മത്സരവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം, ക്ലബിൻ്റെ പരിശീലനം പുനരാരംഭിച്ചു എന്ന് നോർത്ത് ഈസ്റ്റ് അറിയിച്ചു. കൊവിഡ് ബാധയേറ്റ താരങ്ങളെ പ്രത്യേക ഹോട്ടലിലേക്ക് മാറ്റിയെന്നും ക്ലബ് അറിയിച്ചു.

നവംബർ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എൽ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല. 11 ടീമുകളാണ് ഐഎസ്എല്ലിൽ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകളായത്.

Exit mobile version