ദുബായ്: നാലുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎൽ ഫൈനലിൽ. ആദ്യ ക്വാളിഫയർ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലിൽ പ്രവേശിച്ചത്. 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 143 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ നാലോവറിൽ 14 റൺസുമാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുനാൽ പാണ്ഡ്യയും കിറോൺ പൊള്ളാർഡും ഓരോ വിക്കറ്റുവീതം നേടി.
ഡല്‍ഹി ക്യാപിറ്റൽസിന്റെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. ബുംറയുടെയും ബോള്‍ട്ടിന്റെയും തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഡല്‍ഹി ബാറ്റിങ് നിര തകർന്നുവീഴുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പൃഥ്വി ഷായെ മടക്കിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ രഹാനെയെയും മടക്കി ഡല്‍ഹിയെ വൻ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. തൊട്ടടുത്ത ഓവറില്‍ ധവാനെ പൂജ്യനായി മടക്കി ബുംറ ഡല്‍ഹിയുടെ മൂന്നാം വിക്കറ്റ് പിഴുതെടുത്തു. ധവാന് പുറത്താകുമ്പോള്‍ പൂജ്യം റണ്‍സിന് മൂന്നുവിക്കറ്റ് എന്ന ദയനീയമായ അവസ്ഥയിലായി ഡല്‍ഹി.
പിന്നീട് ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സ്റ്റോയിനിസും സ്കോര്‍ സാവധാനം ചലിപ്പിച്ചെങ്കിലും 20 റണ്‍സിലെത്തിനില്‍ക്കെ അയ്യരെ പുറത്താക്കി ഡല്‍ഹിയുടെ നാലാം വിക്കറ്റ് ബുംറ സ്വന്തമാക്കി. സ്കോര്‍ 41ല്‍ നില്‍ക്കെ എട്ടുപന്തുകളില്‍ നിന്നും മൂന്നുറണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ ഡല്‍ഹിയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. സ്റ്റോയിനിസിന്റെ ബാറ്റിങ് മികവാണ് സ്കോര്‍ 50 കടത്താന്‍ ഡല്‍ഹിയെ സഹായിച്ചത്. 46 പന്തിൽ 65 റൺസെടുത്ത സ്റ്റോയിനിസാണ് ഡൽഹിയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. അക്സർ പട്ടേൽ 33 പന്തിൽ 42 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധസെഞ്ചുറി നേടിയ ഇഷാന് കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 25 പന്തിൽ 40 റണ്‍സെടുത്ത ക്വിന്റൺ ഡി കോക്കും 14 പന്തുകളില്‍ നിന്നും 37 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്കി.
ഡി കോക്ക് മുംബൈക്ക് മികച്ച തുടക്കം നൽകി. ആദ്യ ഓവറില്‍ തന്നെ ഡികോക്ക് മൂന്ന് ഫോർ ഉള്‍പ്പെടെ 15 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തിൽ രോഹിത് ശര്‍മയെ പൂജ്യനായി മടക്കി രവിചന്ദ്ര അശ്വിന് ആദ്യ ബ്രോക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ സ്കോര്‍ 50 കടത്തി. പവര്‍പ്ലേയില്‍ 63 റണ്‍സാണ് മുംബൈ നേടിയത്. സ്കോര്‍ 78ല്‍ നില്‍ക്കെ ഡികോക്കിനെ പുറത്താക്കി വീണ്ടും അശ്വിന് മുംബൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു.
ഡികോക്ക് ഔട്ടായതിന് ശേഷം ആക്രമണം ഏറ്റെടുത്ത സൂര്യകുമാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്കോര്‍ 100ല്‍ നില്‍ക്കെ 38 പന്തുകളില്‍ നിന്നും 51 റണ്‍സെടുത്ത സൂര്യകുമാർ യാദവിനെ നോര്‍കെ പുറത്താക്കി. അടുത്ത ഓവറില്‍ കിറോൺ പൊള്ളാര്‍ഡിനെ പൂജ്യനാക്കി മടക്കി അശ്വിന് മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചതോടെ മുംബൈ ആരാധകർ ആശങ്കയിലായി. പൊള്ളാര്‍ഡ് മടങ്ങിയതോടെ ഇഷാന് കിഷന് സ്കോറിങ്ങിന്റെ വേഗം കൂട്ടി. എന്നാല്‍ ക്രുനാൽ പാണ്ഡ്യയെ മടക്കി സ്റ്റോയിനിസ് മുംബൈക്ക് വീണ്ടും പ്രഹരമേൽപിച്ചു.
പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ തകർത്തടിച്ചതോടെ സ്കോര്‍ അതിവേഗം കുതിച്ചു. തലങ്ങും വിലങ്ങും ബൗണ്ടറി കടത്തിയ ഹാര്‍ദിക് സ്കോർ 200ല്‍ എത്തിച്ചു. കിഷന് 55 റണ്‍സും പാണ്ഡ്യ 37 റണ്‍സും നേടി പുറത്താകാതെ നിന്നു. ഡല്‍ഹിയ്ക്ക് വേണ്ടി അശ്വിന് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നോര്‍ക്കെ, സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ക്വാളിഫയറിലെ വിജയികളുമായിട്ടായിരിക്കും ഡൽഹിയുടെ അടുത്ത മത്സരം.