ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 1-1 സമനിലയിൽ തളച്ച് ലീഡ്സ് യുനൈറ്റഡ്. സ്വന്തം തട്ടകമായ എലൻഡ് റോഡിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു മാഴ്സലോ ബിയൽസ പരിശീലിപ്പിക്കുന്ന ലീഡ്സിന്റെ തിരിച്ചുവരവ്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ലീഡ്സ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി.
കേളീശൈലികൾക്ക് പേരുകേട്ട ബിയൽസയുടെയും പെപ് ഗ്വാർഡിയോളയുടെയും ടീമുകൾ തമ്മിലുള്ള മത്സരത്തിൽ സിറ്റിയാണ് തുടക്കത്തിൽ ആധിപത്യം പുലർത്തിയത്. ലീഡ്സ് പ്രതിരോധം വരുത്തിയ പിഴവുകൾ മുതലെടുക്കാൻ കഴിഞ്ഞില്ലെങ്കിലും 17-ാം മിനുട്ടിൽ റഹീം സ്റ്റർലിങ്ങിന്റെ ഗോളിലൂടെ സന്ദർശകർ ലീഡെടുത്തു. ഫെറാൻ ടോറസിൽ നിന്ന് പന്ത് സ്വീകരിച്ച സ്റ്റർലിങ്, ഡിഫന്റർമാരെ വെട്ടിയൊഴിഞ്ഞ് ഉതിർത്ത ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളിൽ ശക്തമായ മത്സരമുയർത്തിയ ലീഡ്സ് 59-ാം മിനുട്ടിൽ അർഹിച്ച സമനില ഗോൾ നേടി. കോർണർ കിക്കിനിടെ പന്ത് കുത്തിയകറ്റുന്നതിൽ സിറ്റി കീപ്പർ എഡേഴ്സൺ പരാജയപ്പെട്ടപ്പോൾ ക്ലോസ് റേഞ്ചിൽ നിന്ന് റോഡ്രിഗോ ഗോളടിക്കുകയായിരുന്നു.
നാല് മത്സരങ്ങളിൽ നിന്ന് നാലു ഗോളുമായി എവർട്ടൻ ആണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് വീതം മത്സരങ്ങൾ ജയിച്ച ലെസ്റ്റർ സിറ്റിയും ലിവർപൂളുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. മൂന്ന് കളിയിൽ നിന്ന് നാലു പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി 11-ാം സ്ഥാനത്താണ്.