താൻ മലയാളി താരം സഞ്ജു സാംസണിൻ്റെ ആരാധികയാണെന്ന് ദേശീയ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. സഞ്ജു കളിക്കുന്നതിനാലാണ് താൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നതെന്നും മന്ദന പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ദന മലയാളി താരത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്.
“യുവതാരങ്ങൾ ബാറ്റ് ചെയ്യുന്നത് വറെ പ്രചോദനം നൽകുന്ന കാഴ്ചയാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമിൽ ഉള്ളതിനാലാണ് ഞാൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നത്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവൽ ബാറ്റിംഗ് ആണ് അദ്ദേഹം നടത്തുന്നത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാമെന്നാണ് ഞാൻ ചിന്തിക്കുന്നത്.”- മന്ദന പറഞ്ഞു.
ഐപിഎൽ വിമൻസ് ടി-20 ചലഞ്ച് നടക്കാനിരിക്കെയാണ് മന്ദനയുടെ പ്രതികരണം. നവംബർ 4 മുതൽ 9 വരെ ടൂർണമെൻ്റ് നടക്കുമെന്നാണ് റിപ്പോർട്ട്. റൗണ്ട് റോബിൻ രീതിയിലാവും മത്സരങ്ങൾ. യുഎഇയിലാണ് ടി-20 ചലഞ്ചും നടക്കുക.
ഒക്ടോബർ രണ്ടാം വാരം ടീമുകൾ യുഎഇയിലേക്ക് തിരിക്കും. അവിടെ 6 ദിവസത്തെ ക്വാറൻ്റീൻ കാലാവധിക്കു ശേഷം പരിശീലനത്തിനിറങ്ങും. ഇത്തവണ ടീമുകളിൽ കൂടുതലും ഇന്ത്യൻ താരങ്ങളാവും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ താരങ്ങൾ വിമൻസ് ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിനാൽ ടി-20 ചലഞ്ചിൽ ഉണ്ടാവില്ല.
രാജസ്ഥാൻ റോയൽസിനു വേണ്ടി സഞ്ജു മികച്ച ഫോമിലാണ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും കിംഗ്സ് ഇലവൻ പഞ്ചാബിനെയും വളരെ മികച്ച ബാറ്റിംഗ് കാഴ്ച വെച്ച താരം കൊൽക്കത്തക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വേഗം പുറത്തായിരുന്നു. എങ്കിലും സീസണിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ താരം നാലാം സ്ഥാനത്തുണ്ട്.