കേരള ബ്ലാസ്റ്റേഴ്സിൻെറ മുൻ നായകനും ഇന്ത്യൻ ഫുട്ബാൾ ടീമിൻെറ പ്രതിരോധ താരവുമായ സന്ദേശ് ജിങ്കാൻ എ.ടി.കെ മോഹൻ ബഗാനില്‍. അഞ്ചു വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിട്ട വിവരം ശനിയാഴ്ചയാണ് താരം ഔദ്യോഗികമായി പുറത്തുവിട്ടത്.
രണ്ടുവർഷം ബാക്കി നിൽക്കേയാണ് 27കാരവനായ ജിങ്കാൻ ഈ വർഷം മേയിൽ ബ്ലാസ്റ്റേഴ്സ് വിട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സിൻെറ പ്രതിരോധക്കോട്ട കാത്ത ജിങ്കാൻ വിദേശത്തേക്ക് പറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോവിഡ് വ്യാപനം കാരണം വിദേശ ക്ലബുകളിലേക്ക് പോകാന്‍ സാധിച്ചില്ല.
നാലു സീസണിൽ മഞ്ഞപ്പടയുടെ നായകൻ കൂടിയായിരുന്ന ജിങ്കാൻ 78 മത്സരങ്ങളിൽ ടീമിനായി ബൂട്ടണിഞ്ഞു. 2014ൽ ഐ.എസ്.എല്ലിലെ എമർജിങ് പ്ലെയർ പുരസ്കാരത്തിനുടമയായിരുന്നു ജിങ്കാൻ.