പരുക്കേറ്റ് പുറത്തായ സൺറൈസേഴ്സിൻ്റെ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിനു പകരക്കാരനായി വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ പകരക്കാരനാവും. 2014-15 സീസണിൽ സൺറൈസേഴ്സിൽ കളിച്ചിരുന്ന താരം ചെന്നൈ സൂപ്പർ ഇംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനു വേണ്ടിയും ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.
11 ഐപിഎൽ മത്സരങ്ങളാണ് മുൻപ് ഹോൾഡർ കളിച്ചിട്ടുള്ളത്. 8.5 എക്കോണമിയിൽ 5 വിക്കറ്റുകളും 5 ഇന്നിംഗ്സുകളിൽ നിന്ന് 122 സ്ട്രൈക്ക് റേറ്റിൽ 38 റൺസുകളും താരം നേടിയിട്ടുണ്ട്. 17 ടി-20കളിൽ നിന്ന് 13 വിക്കറ്റുകളും 11 ഇന്നിംഗ്സുകളിൽ നിന്ന് 111 റൺസുമാണ് താരത്തിൻ്റെ സമ്പാദ്യം. ടി-20 പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ മിച്ചൽ മാർഷിനോളം ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്ന താരമല്ല ഹോൾഡർ എങ്കിലും ഭേദപ്പെട്ട ഒരു ഓൾറൗണ്ടറാണ് താരം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലാണ് മാർഷിനു പരുക്കേറ്റത്. കാലിനു പരുക്കേറ്റതിനെ തുടർന്ന് നാല് പന്തുകൾ മാത്രം എറിഞ്ഞ താരം മുടന്തിക്കൊണ്ട് ഫീൽഡ് വിട്ടിരുന്നു. പിന്നീട് 9ആം വിക്കറ്റിൽ വീണ്ടും ക്രീസിലെത്തിയെങ്കിലും അപ്പോഴും മുടന്തുന്നുണ്ടായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിക്ക് പിടികൊടുത്ത് താരം മടങ്ങുകയും ചെയ്തു.
ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പരുക്കേറ്റതിനാലാണ് മത്സരത്തിൽ കളിക്കാതിരുന്നത്. ട്രെയിനിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. വില്ല്യംസണിൻ്റെ പരുക്ക് എത്ര ഗുരുതരമാണെന്ന് ടീം മാനേജ്മെൻ്റ് അറിയിച്ചിട്ടില്ല.