ദുബായ്: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 10 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.
അര്‍ധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 42 പന്തില്‍ നിന്നും 56 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. ഇടങ്കയ്യന്‍ താരത്തിന്‍െറ ഐ.പി.എല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്.
ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയ്ക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് – ദേവദത്ത് സഖ്യം 66 പന്തില്‍ നിന്ന് 90 റണ്‍സ് ബാംഗ്ലൂര്‍ സ്കോറിലേക്ക് ചേര്‍ത്തു. ക്യാപ്റ്റന്‍ കോലി 14 റണ്‍സെടുത്തു. പിന്നീട് 30 പന്തില്‍ 51 റണ്‍സെടുത്ത ഡിവില്ലിയേഴ്സാണ് സ്കോര്‍ 150 കടത്തിയത്.
അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയുടെ മികവില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്വേന്ദ്ര ചാഹലിന്റെ സ്പെല്ലാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.