രാജ്യാന്തര ഫുട്ബോളിൽ അപൂർവനേട്ടം കുറിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ച രണ്ടാമത്തെ പുരുഷ താരമായി റൊണാൾഡോ ചൊവ്വാഴ്ച മാറി. സ്വീഡനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിലാണ് പോർച്ചുഗലിനായി റൊണാൾഡോ തന്റെ നൂറാമത് രാജ്യാന്തര ഗോൾ പൂർത്തിയാക്കിയത്. അലി ഡെയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുട്ബോൾ താരം രാജ്യാന്തര മത്സരത്തിൽ 100 ഗോളുകൾ തികയ്ക്കുന്നത്. ഇറാന് വേണ്ടി 109 തവണ ഗോളുകളാണ് അലി ഡെ സ്വന്തമാക്കിയിരുന്നത്.
മത്സരത്തിന്റെ 45ാം മിനിറ്റിലാണ് തന്റെ നൂറാം അന്താരാഷ്ട്ര ഗോൾ റൊണാൾഡോ നേടിയത്. എതിരില്ലാത്ത് രണ്ട് ഗോളിന് പോർച്ചുഗൽ സ്വിഡനെ പരാജയപ്പെടുത്തിയ മത്സരത്തിൽ രണ്ടാംഗോൾ നേടിയതും റോണോ ആയിരുന്നു. 72ാം മിനിറ്റിൽ നേടിയ ആ ഗോളോട് കൂടി റോണോയുടെ കരിയറിലെ ആകെ രാജ്യാന്തര ഗോളുകളുടെ എണ്ണം 101 ആയി. 35 കാരനായ സൂപ്പർ താരം തന്റെ രാജ്യത്തിനായി 100 ഗോളുകൾ നേടുന്ന ആദ്യ യൂറോപ്യൻ കളിക്കാരനെന്ന നേട്ടവും സ്വന്തമാക്കി. ഈ നാഴികക്കല്ലിലെത്താൻ അദ്ദേഹത്തിന് 165 മത്സരങ്ങളാണ് വേണ്ടി വന്നത്.
2019 നവംബറിൽ ലക്സംബർഗിനെതിരെയാണ് പോർച്ചുഗലിനായി റൊണാൾഡോ ഇതിനു മുൻപ് ഗോൾ നേടിയത്. 99ാം ഗോളിന് ശേഷമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ബോക്സിന് പുറത്ത് നിന്നുള്ള മനോഹരമായ ഒരു ഫ്രീ കിക്കിലൂടെയാണ് റോണോ തന്റെ നൂറാം ഗോൾ നേടിയത്. ഫ്രീ കിക്കിൽ നിന്ന് തന്റെ കരിയറിൽ നേടിയ 57ാമത്തെയും ദേശീയ ടീമിനായുള്ള പത്താമത്തേയും ഗോളാണിത്.
രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ ആകെ 17 ഗോളാണ് റൊണാൾഡോ നേടിയത്. ലിത്വാനിയക്കെതിരെ ഏഴും സ്വീഡനെതിരേ ആറും അൻഡോറ, അർമേനിയ, ലാത്വിയ, ലക്സംബർഗ് ടീമുകൾക്കെതിരെ അഞ്ച് വീതവും ഗോളുകൾ താരം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേടി. കരിയറിൽ ആറ് രാജ്യാന്തര ഹാട്രിക്കുകളുള്ള റൊണാൾഡോ ഫിഫ ലോകകപ്പ് ഘട്ടത്തിൽ ഏഴ് ഗോളുകളും യുവേഫ യൂറോയിൽ ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് താരവും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവുമായ റൊണാൾഡോ നിലവിൽ ഫുട്ബോൾ രംഗത്തുള്ള താരങ്ങളിൽ ഗോളുകളുടെ എണ്ണത്തിൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 ഗോളുമായി ഇന്ത്യയുടെ സുനിൽ ഛേത്രിയും 70 ഗോളുമായി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുമാണ് റോണോക്ക് പിന്നിലുള്ളത്.
വനിതകാ ഫുട്ബോളിൽ 17 താരങ്ങൾ 100 രാജ്യാന്തര ഗോൾ നേടിയിട്ടുണ്ട്. 186 ഗോളുകളുമായി കാനഡയുടെ ക്രിസ്റ്റിൻ സിൻക്ലെയറാണ് ഇക്കാര്യത്തിൽ മുന്നിൽ. മുൻ അമേരിക്കൻ താരം ആബി വാമ്പാച്ചാണ് 184 ഗോളുമായി തൊട്ടു പിറകിൽ.
പോർച്ചുഗലിനായി റൊണാൾഡോ യുവേഫ യൂറോ 2004 ഫൈനലിൽ 19 ാം വയസ്സിലാണ് ആദ്യ ഗോൾ നേടിയത്. 16 വർഷത്തിനുശേഷം, യൂസിബിയോ, പോളേറ്റ തുടങ്ങിയ മഹാരഥന്മാരെ മറികടന്ന് പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി.