ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഇത്രയും കാലം നല്കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി. 2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച ഏക നായകനുമാണ്