ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഫ്യൂച്ചർ ടൂർ പ്രോഗ്രാം (എഫ്ടിപി) സംബന്ധിച്ച തീരുമാനം ഈ മാസം 17ന്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതുക്കിയ എഫ്ടിപി തീരുമാനിക്കുന്നതിനായി ഈ മാസം 17ന് ബിസിസിഐ അപക്സ് കൗൺസിൽ യോഗം ചേരുന്നത്. യോഗത്തിൽ ഐപിഎലിൻ്റെ ഭാവിയെപ്പറ്റിയും തീരുമാനമുണ്ടാവും എന്നാണ് റിപ്പോർട്ട്.
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ യോഗമാവും നടത്തുക. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റുകളെപ്പറ്റിയാവും യോഗത്തിലെ പ്രധാന ചർച്ച. ഐപിഎല്ലിൻ്റെ ചൈനീസ് കമ്പനികളുമായുള്ള പങ്കാളിത്തം തത്കാലം റദ്ദാക്കില്ലെന്നാണ് തീരുമാനമെങ്കിലും ആ വിഷയവും യോഗത്തിൽ സംസാരിക്കും. യോഗതീരുമാനം എന്തായാലും ഐപിഎൽ ഗവേണിംഗ് കൗൺസിലാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
ഐപിഎല്ലിൻ്റെ കാര്യത്തിൽ വിവോ സ്വയം പിന്മാറിയാൽ മാത്രമേ കരാർ റദ്ദാക്കാവൂ എന്ന നിർദ്ദേശം ബിസിസിഐക്കുള്ളിൽ ഉയരുന്നുണ്ട്. കരാർ റദ്ദാക്കിയാൽ എക്സിറ്റ് ക്ലോസ് പ്രകാരം ബിസിസിഐ വിവോയ്ക്ക് ഉയർന്ന തുക നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കുമെന്നാണ് സൂചന. മാത്രമല്ല, ഉടൻ ഒരു ടൈറ്റിൽ സ്പോൺസറെ കണ്ടെത്തുക ബുദ്ധിമുട്ടാവുമെന്നും ബിസിസിഐക്കുള്ളിൽ തന്നെ അഭിപ്രായം ഉയരുന്നു. അതേ സമയം, കരാർ റദ്ദാക്കിയാൽ പോലും ചൈനീസ് വീഡിയോ കമ്പനിയായ ടെൻസെൻ്റിന് ഓഹരിയുള്ള ഡ്രീം ഇലവൻ, സ്വിഗ്ഗി, ബൈജുസ് എന്നീ കമ്പനികളും ഓൺലൈൻ ഷോപ്പിംഗ് ഭീമന്മാരായ ആലിബാബയ്ക്ക് നിക്ഷേപമുള്ള പേടിഎമ്മും ഭയക്കേണ്ടതില്ലെന്നാണ് വിവരം. ഇന്ത്യൻ കമ്പനികളാണെന്നതാണ് ഇവർക്കുള്ള ഗുണം.