Site icon Ente Koratty

മാനേജ്മെന്റിലും പരിശീലകനിലും അതൃപ്തി; മെസി ബാഴ്സലോണ വിട്ടേക്കും

സൂപ്പർ താരം ലയണൽ മെസി അടുത്ത സീസൺ അവസാനം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. മാനേജ്മെൻ്റിലും പരിശീലകനിലും മെസി സന്തുഷ്ടനല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബാഴ്സ മുന്നോട്ടുവച്ച കരാർ പുതുക്കലിനോട് താരം പ്രതികരിച്ചിട്ടില്ല. 2021 വരെ ബാഴ്സയിൽ കരാറുള്ള അദ്ദേഹം അടുത്ത സീസൺ അവസാനം ക്ലബ് വിട്ടേക്കുമെന്നാണ് വിവരം.

ടീമിൻ്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കുന്നുണ്ട്. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തിൽ മാനേജ്മെൻ്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിക്കുന്നു. ആർതർ മെലോ, മാർക്കം, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളെ വിറ്റും ലോണിൽ അയച്ചും ഒഴിവാക്കിയ രീതിയും അത്‌ലറ്റികോ മാഡ്രിഡിൽ നിന്നെത്തിയ അൻ്റോയിൻ ഗ്രീസ്മാനോട് ക്ലബിൻ്റെ പെരുമാറ്റവും അദ്ദേഹത്തെ ചൊടിപ്പിക്കുന്നു. ഒപ്പം, പരിശീലകൻ ക്വിക്കെ സെറ്റിയനിലും മെസിയും പീക്കെയുമടങ്ങുന്ന മുതിർന്ന താരങ്ങൾ തൃപ്തരല്ല.

കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെൻ്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തിലും മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കിരീടപ്പോരിൽ ചിരവൈരികളായ റയൽ മാഡ്രിഡ് കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ ബാഴ്സലോണക്ക് ഉയർത്തുന്നത്. റയൽ രണ്ടാം സ്ഥാനത്തേക്ക് ബാഴ്സലോണയെ പിന്തള്ളിക്കഴിഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരിശീലകനെതിരെ പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞെന്ന് സൂചനയുണ്ട്. ലീഗ് കിരീടമോ ചാമ്പ്യൻസ് ലീഗോ നേടാൻ കഴിഞ്ഞില്ലെങ്കിൽ സെറ്റിയനെ പുറത്താക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. സെറ്റിയനിലുള്ള വിശ്വാസം കളിക്കാർക്ക് നഷ്ടപ്പെട്ടെന്നും മാനേജ്മെൻ്റിൻ്റെ പ്രതീക്ഷക്കൊത്ത് റിസൽട്ടുകൾ വരുന്നില്ല എന്നത് ചർച്ചയാവുന്നുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ മത്സരത്തിൽ കുഞ്ഞന്മാരായ സെൽറ്റ വിഗോയോട് 2-2 എന്ന സ്കോറിനു സമനില വഴങ്ങിയതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ.

Exit mobile version