Site icon Ente Koratty

ഐപിഎൽ ശ്രീലങ്കയിലോ യുഎഇയിലോ നടത്താൻ സാധ്യത; ബിസിസിഐ

ഇക്കൊല്ലത്തെ ഐപിഎൽ രാജ്യത്തിനു പുറത്ത് സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശ്രീലങ്കയിലോ യുഎഇയിലോ ഐപിഎൽ നടത്താൻ സാധ്യത തേടുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് വാർത്ത. ഇന്ത്യയിൽ തന്നെ നടത്തണമെന്നാണ് കരുതിയതെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാവുന്നതിൻ്റെ സാഹചര്യത്തിലാണ് ഇത്തരത്തിൽ ആലോചന നടത്തുന്നത്.

ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിലും അല്ലെങ്കിലും വേദിയും സൗകര്യവും ലഭ്യമാവുന്നതിന് അനുസരിച്ച് ലീഗ് നടത്താനാണ് ആലോചന. വേദി ഏതായാലും ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് സുരക്ഷിതമായി കളിക്കാൻ കഴിയുന്ന സ്ഥലമാവണം എന്നതാണ് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. ഇന്ത്യയിൽ അതിനുള്ള സാഹചര്യം ഇല്ലെന്നും ബിസിസിഐ വിലയിരുത്തുന്നു.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. സെപ്തംബർ-ഒക്ടോബർ സീസണിൽ ഐപിഎൽ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ തീരുമാനം അറിയാനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി തീരുമാനം ഉണ്ടാവുമെന്ന് ബ്രിജേഷ് പട്ടേൽ അറിയിച്ചു.

ഇതിനു ശേഷം ശ്രീലങ്കയും യുഎഇയും ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ തന്നെ ലീഗ് നടത്താനുള്ള സാധ്യതകൾ തേടിക്കൊണ്ടിരുന്ന ബിസിസിഐ ഇരു ക്രിക്കറ്റ് ബോർഡുകൾക്കും മറുപടി നൽകിയിരുന്നില്ല. വരുന്ന ഞായറാഴ്ച ചേരുന്ന യോഗത്തിൽ ഇക്കാര്യവും ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.

Exit mobile version