Site icon Ente Koratty

പന്ത് സ്പെഷ്യൽ ടാലന്റ്; ടീം മാനേജ്മെന്റിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്: ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ

ഋഷഭ് പന്ത് സ്പെഷ്യൽ ടാലൻ്റ് എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. ടീം മാനേജ്മെൻ്റിൻ്റെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും എത്രയും വേഗം പന്ത് ഫോമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ധോണിക്ക് പകരക്കാരനാവാൻ പന്തിനു കഴിയില്ലെന്നും റാത്തോർ കൂട്ടിച്ചേർത്തു.

“കഴിഞ്ഞ വർഷം അത്ര മികച്ച പ്രകടനമല്ല പന്ത് കാഴ്ചവച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ ഇതുവരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ, പന്തിനെ സ്പെഷ്യൽ ടാലൻ്റായാണ് ടീം മാനേജ്‌മെന്റ് കാണുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് നിരവധി സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു”- റാത്തോർ പറഞ്ഞു.

ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കീപ്പിംഗ് പൊസിഷൻ അനിശ്ചിതത്വത്തിലായിരുന്നു. എം എസ് ധോണിയുടെ പേര് പോലും ഇടക്ക് ഉയർന്നു കേട്ടു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ധോണി ടീമിലുണ്ടാവുമെന്ന് പരിശീലകൻ രവി ശാസ്ത്രി അറിയിക്കുകയും ചെയ്തു. എന്നാൽ പന്തിനു പരുക്കേറ്റ സാഹചര്യത്തിൽ കീപ്പിംഗ് ഗ്ലൗ അണിഞ്ഞ ലോകേഷ് രാഹുൽ സ്ഥിരതയാർന്ന, മികച്ച പ്രകടനങ്ങൾ നടത്തിയതോടെ പന്തിനു പോലും സ്ഥാനമില്ലാതായി. നിലവിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളാണ് പന്ത് വഹിക്കുന്നത്. അതുകൊണ്ട് തന്നെ വീണ്ടും വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തിനു വേണ്ടി ഒരു മത്സരം നടക്കുമെന്ന് കരുതപ്പെട്ടു എങ്കിലും ടീം മാനേജ്മെൻ്റിൻ്റെ നിലപാട് റാത്തോർ വ്യക്തമാക്കിയതോടെ പന്ത് ടീമിൽ തുടരുമെന്ന് തന്നെയാണ് സൂചന ലഭിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള വിക്കറ്റ് കീപ്പർമാർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിവരം.

Exit mobile version