പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍ ടീമിന്റെ പ്രകടനം പുറത്തെടുത്തപ്പോള്‍ ക്രിസ്റ്റല്‍ പാലസിന് ഏകപക്ഷീയമായ നാല് ഗോള്‍ തോല്‍വി. ഇതോടെ 30 വര്‍ഷത്തിന് ശേഷമുള്ള ലിവര്‍പൂളിന്റെ കിരീടം കയ്യെത്തും ദൂരത്തായി. വ്യാഴാഴ്ച്ചത്തെ ചെല്‍സിക്കെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയിക്കാനായില്ലെങ്കില്‍ അടുത്ത കളിക്ക് മുമ്പേ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകും.
കോവിഡ് ഇടവേളക്കു ശേഷം നടന്ന ഞായറാഴ്ച്ചത്തെ ആദ്യ മത്സരത്തില്‍ എവര്‍ട്ടനെതിരെ വഴങ്ങിയ സമനില, ക്ലോപ്പിന്റെ കുട്ടികള്‍ക്ക് കുതിപ്പിനുള്ള മുന്നൊരുക്കം മാത്രമായിരുന്നു. ആന്‍ഫീല്‍ഡില്‍ ആകെ 300ഓളം പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്വന്തം മൈതാനത്തില്‍ ആധികാരിക പ്രകടനമാണ് ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂള്‍ പുറത്തെടുത്തത്. ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, മുഹമ്മദ് സലാ, ഫാബിയാനോ, സാദിയോ മാനെ തുടങ്ങിയവര്‍ ലിവര്‍പൂളിനായി നേടിയ ഓരോ ഗോളും ഒന്നിനൊന്ന് മെച്ചമായിരുന്നു.
22ാം മിനുറ്റില്‍ മനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു അലക്സാണ്ടര്‍ അര്‍ണോള്‍ഡ് ലിവര്‍പൂളിന്റെ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. ഏഴു ക്രിസ്റ്റല്‍ പാലസ് താരങ്ങള്‍ നിരന്ന മതിലിനു മുകളിലൂടെ ഗോളിയുടെ ഇടതുമൂലയിലേക്ക് പറന്നിറങ്ങി ആദ്യ ഗോള്‍. ആദ്യ പകുതി തീരുന്നതിന് തൊട്ട് മുമ്പായിരുന്നു സലാഹിന്റെ ഗോള്‍. ഫാബിയാനോയുടെ മനോഹരമായ വായുവിലൂടെയുള്ള പാസ് നെഞ്ചില്‍ സ്വീകരിച്ച് സലാ ഇടംകാലുകൊണ്ട് തൊടുത്തപ്പോള്‍ ക്രിസ്റ്റല്‍ പാലസ് ഗോളിക്കും മറുപടിയുണ്ടായില്ല.
30 വാര അകലെ നിന്നും കരുത്തും കൃത്യതയും സമം ചേര്‍ത്ത ഷോട്ടിലാണ് 54ാം മിനുറ്റില്‍ ഫാബിയാനോ ലിവര്‍പൂളിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തിയത്. നാലാം ഗോളിനായി കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മൈതാന മധ്യത്തു നിന്നും സലാ നീട്ടിയടിച്ച പാസാണ് മാനെ ഓടിപിടിച്ചു. രണ്ടാം ടച്ചില്‍ ഗോളിയേയും മറികടന്ന് മാനെയുടെ ക്ലിനിക്കല്‍ ഫിനിഷ്. ക്രിസ്റ്റല്‍ പാസലിന്റെ ഗോള്‍ വലയില്‍ നാലാം ഗോള്‍ കയറുമ്പോഴും മത്സരം തുടങ്ങിയിട്ട് 70 മിനുറ്റ് തികഞ്ഞിരുന്നില്ല.