Site icon Ente Koratty

നാസയുടെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു; സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും

അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്‍റെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യവാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമേരിക്കന്‍ മണ്ണില്‍ നിന്നും ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കുന്നത്.

ബോബ് ബെങ്കന്‍, ഡഗ്ഗ് ഹര്‍ലി എന്നിവരുമായി ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും. സ്‌പേസ് എക്‌സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ദൌത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ബഹുമതി ഇവര്‍ക്ക് സ്വന്തം.

സ്വകാര്യ വാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൌത്യമാണിത്. ഇതുവരെ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളില്‍ നിന്നു വ്യത്യസ്തമായി രൂപകല്‍പനയില്‍ ഏറെ പുതുമകളുള്ള പേടകമാണ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍. 2011 ന് ശേഷം റഷ്യയുടെ വാഹനങ്ങളിലായിരുന്നു അമേരിക്കന്‍ യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്കെത്തിയിരുന്നത്. ബരാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്.

ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബഹിരാകാശ യാത്രികരെയാണ് നാസ ഈ സുപ്രധാന ദൌത്യത്തിന് തിരഞ്ഞെടുത്തത്. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഹർലിയുടെ ഭാര്യ കാരെൻ ന്യൂബർഗ് രണ്ടുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. ഈ വർഷം അവര്‍ നാസയിൽ നിന്ന് വിരമിക്കും.

ബോബ് ബെങ്കെന്‍റെ ഭാര്യ മേഗൻ മക്അർതറും ബഹിരാകാശ വിദഗ്ധയാണ്. 2009 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയില്‍ സേവനമനുഷ്ടിക്കാനാണ് അവര്‍ അവസാനമായി ബഹിരാകാശത്തേക്ക് പോയത്. ഫാൽക്കൺ 9 റോക്കറ്റ് ചാലിച്ചു തുടങ്ങുന്ന സമയം മുതല്‍ അവരുടെ പങ്കാളികൾക്ക് അവർ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാനാകും.

Exit mobile version