ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം 2022 ലേക്ക് മാറ്റി. 2020 അവസാനം വിക്ഷേപിക്കാനിരുന്ന ദൗത്യമാണ് മാറ്റിയത്. കൊവിഡ് സാഹചര്യം ഐ.എസ്.ആർ.ഒ യുടെ നിരവധി പദ്ധതികൾക്ക് തടസ്സമായി എന്ന് ചെയർ മാൻ ഡോ. കെ ശിവൻ പറഞ്ഞു. മുൻ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം ചന്ദ്രയാന്‍ ബഹിരാകാശത്ത് വലംവെക്കുന്ന ഓർബിറ്റർ ഉണ്ടാകില്ല. എന്നാൽ ബാക്കിയെല്ലാം രണ്ടാം ദൗത്യത്തിന് സമാനമായിരിക്കും.
മനുഷ്യനെ വഹിച്ചുള്ള രാജ്യത്തിൻറെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനും തടസ്സം നേരിട്ടിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റോവർ ഇറക്കാനുള്ള യത്നമായിരിക്കും ചന്ദ്രയാൻ-2. എന്നാൽ റോവറിനെ വഹിച്ച ലാൻഡറിന് ചന്ദ്രോപരിതലത്തിൽ കൃത്യമായി ഇറങ്ങാനായില്ല. ദൗത്യം വിജയിച്ചിരുന്നെങ്കിൽ ആദ്യ പരിശ്രമത്തിൽ തന്നെ ചന്ദ്രനിൽ പേടകം ഇറക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യക്ക് ലഭിക്കുമായിരുന്നു.
ഭൂമിക്കപ്പുറമുള്ള ഗ്രഹങ്ങളിൽ തുടർന്നും പേടകങ്ങളെ ഇറക്കാനുള്ള വലിയ ദൗത്യത്തിലേക്കുള്ള ചുവടുവെപ്പ് എന്ന നിലയിൽ ചന്ദ്രയാൻ -3 ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. മനുഷ്യനെയുമായി ഗഗൻയാൻ പുറപ്പെടും മുമ്പ് ആളില്ലാത്ത രണ്ട് വിക്ഷേപങ്ങൾ നടക്കുമെന്ന് ഡോ. കെ ശിവൻ പറഞ്ഞു. ഇതിൽ ആദ്യത്തേത് ഈ വർഷം ഡിസംബറിൽ ഉണ്ടാകും. മൂന്ന് പേരെയാണ് ബഹിരാകാശത്ത് അയയ്ക്കുന്നത്. ഇതിനായി നാല് പൈലറ്റുമാർ റഷ്യയിൽ പരിശീലനം നേടുന്നുണ്ട്. മനുഷ്യനെയും വഹിച്ചുള്ള ദൗത്യം ആകുമോ എന്ന് നിശ്ചയിച്ചിട്ടില്ലന്നും ഡോ. കെ ശിവൻ പറഞ്ഞു.