Site icon Ente Koratty

ഇന്ന് ഛിന്നഗ്രഹദിനം

ദേവദാസ് കടയ്ക്കവട്ടം

വൈവിധ്യങ്ങളുടെ സമ്മേളനമാണ് പ്രപഞ്ചം. വലുപ്പത്തിൽ, ഭാരത്തിൽ, നിറത്തിൽ, ചലനവേഗത്തിൽ, ആയുർദൈർഘ്യത്തിൽ, സമയക്രമത്തിൽ…. എന്നു വേണ്ട, എല്ലാ കാര്യങ്ങളിലും – പ്രപഞ്ചമാകെ ചലനാത്മകമാണ് എന്ന ഏക സ്വഭാവമൊഴിച്ചാൽ .. അടിമുടി വൈവിധ്യം തന്നെ! എങ്കിലും ഇവയെല്ലാം തമ്മിലുള്ള പാരസ്പര്യം മനുഷ്യൻ തിരിച്ചറിയുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് ദിനാചരണങ്ങൾക്ക് നാം ഇത്രമാത്രം പ്രാധാന്യം നൽകുന്നത്.

ഇന്ന് ഛിന്നഗ്രഹങ്ങളുടെ – അഥവാ ക്ഷുദ്രഗ്രഹങ്ങളുടെ ദിനം (world Asteroid day).1908 ജൂൺ 30 ന് സൈബീരിയയിലെ തുംഗുഷ്കയിൽ ഛിന്നഗ്രഹം പതിച്ച് 2000 സ്ക്വയർ മൈൽസ് പ്രദേശത്തെ ജീവജാലങ്ങൾക്ക് നാശം സംഭവിച്ചിരുന്നു. അതിൻ്റെ സ്മരണയ്ക്കാണ് ഇന്നേ ദിവസം ലോക ഛിന്നഗ്രഹമായി ആചരിക്കുന്നത്.

ഇന്നേവരെ കണ്ടെത്തിയതിൽ 1800 ഓളം ഉപദ്രവകാരികളായ ക്ഷുദ്രഗ്രഹങ്ങൾ ഭൂമിയ്ക്ക് ഭീഷണിയായുണ്ട്. ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ ഇവയ്ക്ക്ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലാണ് മിക്കവാറും സ്ഥാനം. സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഇവയിൽ കണ്ടെത്തിയതിൽ സൈറിസ് ആണ് ഏറ്റവും വലുത്.

നാസ വിക്ഷേപിച്ച ഒരു പേടകം 2001-ൽ ഇറോസ് എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങുകയുണ്ടായി. തുടർന്ന് അനേകം നിരീക്ഷണങ്ങൾ നടന്നു. ടൗറ്റാറ്റിസ് എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ പോയിട്ട് അധികം വർഷമായില്ല. ഇതിന് ഏകദേശം 2.4 കി.മീ വീതിയും 4.6 കി.മീ നീളവും വരുമത്രേ! ദൂമിയുടെ 15.5 ലക്ഷം കി.മീ അകലത്തിലൂടെയാണ് അത് കടന്ന് പോയത്. ഈ കഴിഞ്ഞ ഏപ്രിൽ 29ന് ഇതുപോലെ തന്നെ ഒരു ഭീഷണി ഭൂമി നേരിട്ടിരുന്നു.എന്നാൽ ഭൂമിയോടടുത്തപ്പോഴേക്കും ഇതിൻ്റെ ഭ്രമണപഥം ലക്ഷക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറമായിത്തീർന്നതിനാൽ ഒരു വൻ അപകടം ഒഴിവായി.

ഇത്തരം ക്ഷുദ്രഗ്രഹങ്ങൾ പലപ്പോഴും ഭൂമിയ്ക്ക് വലിയ അപകടങ്ങൾ വരുത്തി വച്ചേക്കാമെന്നതിനാൽ കൗതുകത്തേക്കാളേറെ ഭയത്തോടെയാണ് ശാസ്ത്രലോകം ഇവയെ കാണുന്നത്. നൂറ്റാണ്ടുകൾക്കപ്പുറം ഇവിടെ സ്വൈര്യ വിഹാരം നടത്തിയിരുന്ന ദിനോസറുകളുടെ കൂട്ട നാശം 650 ലക്ഷംവർഷങ്ങൾക്ക് മുൻപ് മെക്സിക്കോവിൽ പതിച്ച ഛിന്നഗ്രഹം മൂലമാവാമെന്ന് കരുതപ്പെടുന്നു. ഒരു കി.മീ വലുപ്പമുള്ള ഒരു ക്ഷുദ്രഗ്രഹത്തിന് ആയിരക്കണക്കിന് ആറ്റംബോംബുകളുടെ സ്ഫോടന തീവ്രത ഉണ്ടാക്കാനാവുമത്രേ!! ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷലാണ് നക്ഷത്രങ്ങളെപ്പോലെയുള്ള എന്നർത്ഥം വരുന്ന ഗ്രീക്ക് പദമായ ആസ്ട്ര റോയിഡ്സിൽ നിന്നും ആസ്റ്ററോയിഡ് എന്ന പദം കണ്ടെത്തിയത്.


” അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ” എന്ന് കവി വിസ്മയപ്പെടുന്ന പോലെ തന്നെ ഈ പ്രപഞ്ച വിസ്‌മയത്തിന് മുൻപിൽ അത്‌ഭുതാതിരേകത്തോടെ കൈകൾ കൂപ്പി നിൽക്കാനല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും? ഭൂമി എന്ന ഗോളത്തിനുമപ്പുറം പ്രപഞ്ചം എന്ന നിത്യവിസ്മയത്തെ ” യസ്യ വൃക്ഷംഭവത്യേക നീഡം ” (ഭൂമി – പ്രപഞ്ചമാകുന്ന മഹാവൃക്ഷത്തിലെ പക്ഷിക്കൂട് )എന്ന മഹത്തായ ഭാരതീയ ദർശനത്തിലൂടെ നമുക്ക് കാണാൻ ശ്രമിക്കാം. ഈഅനന്ത ശൂന്യതയിലേക്ക് കണ്ണ് മിഴിച്ച് ഈ പാരസ്പര്യത്തിൽ വിശ്വസിച്ച് നമുക്ക് അതിലേക്ക് മനസാ വിലയം പ്രാപിക്കാം.

Exit mobile version