Site icon Ente Koratty

സായി ടീച്ചറുടെ ‘തങ്കുപൂച്ചയെ’ ഏറ്റെടുത്ത് ട്രോളന്‍മാര്‍; നന്ദി അറിയിച്ച് ടീച്ചര്‍

ഓണ്‍ലൈന്‍ വഴിയുള്ള പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച ഇന്ന് ഒന്നാം ക്ലാസുകാര്‍ക്ക് ക്ലാസെടുത്ത് താരമായിരിക്കുകയാണ് കോഴിക്കോട്ടുക്കാരി സായി ശ്വേത. കഴിഞ്ഞ വര്‍ഷം അധ്യാപികയായി ജോലിക്ക് കയറിയ ടീച്ചര്‍ ആദ്യമായാണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത്. മുന്‍പ് രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കായിരുന്നു സ്കൂളില്‍ ക്ലാസെടുത്തിരുന്നത്.

വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ടീച്ചറുടെ പൂച്ച കഥയാണ് ആദ്യ ദിവസം വൈറലായിരിക്കുന്നത്. ഒന്നാം ക്ലാസിലെ പിള്ളേരെ കൂടാതെ ട്രോളന്‍മാരും ടീച്ചറുടെ ക്ലാസിലിരുന്നതാണ് പണി പറ്റിച്ചത്. തങ്കു പൂച്ചയുടെ കഥാ രംഗങ്ങള്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വീട്ടിലെ ബി.ടെക്ക് മാമന്‍ കൊച്ചുടിവി ഒഴിവാക്കി ടീച്ചറുടെ ക്ലാസിലിരിക്കുന്നതും ടീച്ചറുടെ കൂടെ ക്ലാസ് പഠിക്കുന്നതുമാണ് ഓണ്‍ലൈനില്‍ ഹിറ്റായി മാറിയ പല ട്രോളുകളും.

സായി ശ്വേത മുന്‍പ് അധ്യാപകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയില്‍ തന്‍റെ പൂച്ച കഥ വീഡിയോയായി ചെയ്തിരുന്നു. അധ്യാപക കൂട്ടമെന്ന ബ്ലോഗില്‍ അത് പിന്നീട് പങ്കുവെക്കുകയും ചെയ്തു. ഇത് കണ്ട എസ്.സി.ആര്‍.ടി ഉദ്യോഗസ്ഥരാണ് ക്ലാസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇത് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതില്‍ എത്തിച്ചു. വിക്ടേഴ്സില്‍ അധ്യാപികയാകും മുന്‍പേ ഡാന്‍സ് കലാകാരിയും ടിക് ടോക്കിലെ താരം കൂടിയായി പേരിടുത്തിട്ടുണ്ട് സായി. ആഴ്ച്ചയില്‍ രണ്ട് ദിവസം ക്ലാസുകളുമായി ഇനിയും കുട്ടികള്‍ക്കിടയില്‍ കുട്ടികളുടെ സ്വന്തം സായി ടീച്ചറുണ്ടാകും.

അധ്യാപനത്തിനൊപ്പം നൃത്തത്തെയും ചേര്‍ത്തുപിടിയ്ക്കുന്നു സായി ടീച്ചര്‍. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഇവര്‍. ടിക് ടോക്ക് വീഡിയേകളിലൂടെ സമൂഹമാധ്യമങ്ങളിലും താരം. മികച്ച സപ്പോര്‍ട്ട് നല്‍കുന്നു ഭര്‍ത്താവ് ദിലീപും ഈ ടീച്ചര്‍ക്ക്. മികച്ച അഭിപ്രായമാണ് സായി ടീച്ചറിന്‍റെ ഓണ്‍ലൈന്‍ ക്ലാസിന് ലഭിയ്ക്കുന്നത്.

Exit mobile version