ലോക്ക് ഡൗൺ കാലത്തും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതും ഒരു മലയാളിയുടെ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.
ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- ഇതായിരുന്നു വീഡിയോയിൽ ജോസ് എന്നയാൾ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്.
എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ് അമേരിക്കൻ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഈ ആലുവക്കാരൻ പുതിയ വീഡിയോയിൽ സമ്മതിക്കുന്നു.