കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആവിഷ്‌കാരത്തിലും ചിത്രീകരണത്തിലും പൂർണമായും അകലം പാലിച്ചുകൊണ്ടൊരു ഹ്രസ്വ ചിത്രം. ലോകം ഇരുട്ടിലാണ് എന്ന് ആകുലതപ്പെടുന്നവരെ, വെളിച്ചം വരുന്നത് വരെ സൂക്ഷ്മതയോടെ കാത്തിരിക്കുവാനുള്ള ഇടവേള മാത്രമാണ് ഇരുട്ട് എന്ന് ഓർമിപ്പിച്ചു കൊണ്ട് സൂക്ഷ്മം എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്.
ക്യാമറയ്ക്കു മുന്നിൽ ഒരു മനുഷ്യൻ പോലും കഥാപാത്രമായി വരുന്നില്ലെങ്കിലും, നാലു ചുമരുകൾക്കുള്ളിലെ തന്റെ ചുറ്റുപാടുകളിൽ അവൻ എത്ര നിരാശയും വിരസതയും അനുഭവിക്കുന്നുണ്ടെന്ന് അവന്റെ തന്നെ വാക്കുകളിലൂടെ നമുക്ക് കാണാനാകുന്നു. വിരസത അർത്ഥശൂന്യമായ പലതിലേക്കും അവന്റെ ശ്രദ്ധയെ തിരിക്കുന്നതായി തോന്നുമെങ്കിലും, അതിനിടയിൽ നല്ല ശീലങ്ങളും അവൻ പതിവാക്കുന്നു.
ഒടുവിൽ ഒരു ദിവസം അവൻ അന്നു വരെ ശ്രദ്ധിക്കാതിരുന്ന, തന്റെ ചുറ്റുമുള്ള പച്ചപ്പിലേക്ക് നോക്കുമ്പോൾ പ്രകൃതി അവനെ വിസ്മയിപ്പിക്കുന്നു. ഓരോ പുല്ലും, പൂവും, ചെറുജീവികളും സുന്ദരമായ കാഴ്ച അവനു സമ്മാനിക്കുന്നു. ചുറ്റുപാടുമുള്ളതിനെയെല്ലാം അവൻ സൂക്ഷ്മതയോടെ നോക്കിക്കാണുന്നിടത്ത് പ്രകൃതിയെ അവൻ തിരിച്ചറിയുന്നു.
എല്ലാത്തിനെയും പ്രകൃതി പരിപാലിക്കുന്നു എന്നറിയുമ്പോഴും, എല്ലാത്തിന്റെയും ഉത്തരവാദിത്വം പ്രകൃതിക്കാണെന്ന തത്വത്തിൽ വിശ്വസിക്കാൻ അവനാകുന്നില്ലാത്തിടത്താണ് ചിത്രം അവസാനിക്കുന്നത്. ‘മനസുണ്ടായാൽ മതി, അതിജീവിക്കാം’ എന്ന ആശയമാണ് മൂന്നു മിനുട്ടിൽ അവസാനിക്കുന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
സൂക്ഷ്മം ഹ്രസ്വചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് 2 പേർ മാത്രമാണ്. കേരളത്തിൽ ഷൂട്ട് ചെയ്ത് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ, സൗണ്ട് ഡിസൈനിംഗ്, സൗണ്ട് മിക്‌സിംഗ് ജോലികൾ പൂർത്തീകരിച്ചിരിക്കുന്നത് ദുബായിലെ സ്റ്റുഡിയോയിലാണ്. അണിയറ പ്രവർത്തകർ പരസ്പരം അടുത്തിടപഴകാതെ, രണ്ട് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് പൂർത്തീകരിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.