Site icon Ente Koratty

വിശ്വാസികളുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാം; ഉത്തരവുമായി തൃശൂർ അതിരൂപത

തൃശൂർ: വിശ്വാസി കോവിഡ് ബാധിതനായി മരിച്ചാൽ അയാളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂർ അതിരൂപതയുടെ സർക്കുലർ. സിവിൽ അധികാരികളുടെയും ബന്ധുക്കളുടെയും അനുമതിയോടെ മൃതദേഹം ദഹിപ്പിക്കാം. ദഹിപ്പിച്ച ശേഷമുള്ള ഭസ്മം പള്ളിയിലെ കല്ലറയിൽ അടക്കം ചെയ്യണം. കോവിഡ് ബാധിതരായ വിശ്വാസികൾ മരിക്കുമ്പോൾ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉയരുന്ന പശ്ചാത്തലത്തിലാണ് അതിരൂപതയുടെ നീക്കം.

മൃതദേഹം ദഹിപ്പിക്കുന്നതിനെ സംബന്ധിച്ച് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ 2301 ഖണ്ഡികയിലെ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് സർക്കുലർ. “ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം അനുവദിക്കുന്നു. സഭാനിയമവും ഇത് അനുവദിക്കുന്നുണ്ട്.

‘‘തങ്ങളുടെ ശരീരം ദഹിപ്പിക്കണമെന്ന് തീരുമാനമെടുത്തവർ ക്രിസ്​തീയ ജീവിതത്തിനു വിരുദ്ധമായ കാരണങ്ങളാലല്ല അങ്ങനെ ചെയ്തതെങ്കിൽ സഭാപരമായ മൃതസംസ്​കാരം നൽകേണ്ടതാണ്. എങ്കിലും ദഹിപ്പിക്കുന്നതിനേക്കാൾ സംസ്കരിക്കുന്നതിനാണ് സഭ കൂടുതൽ മുൻഗണന കൊടുക്കുന്നതെന്ന് മൃതസംസ്കാര ശുശ്രൂഷയിൽ വ്യക്തമാക്കേണ്ടതും ഉതപ്പ് ഒഴിവാക്കേതുമാണ്’. ലത്തീൻ സഭാനിയമത്തിലും ശവദാഹം അനുവദിക്കുന്നുണ്ട്. കോവിഡ് –19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ശവദാഹം കൂടുതൽ പ്രായോഗികമാണെന്നും  അനുവദനീയവുമാണെന്നും സർക്കുലറിൽ വിശദീകരിക്കുന്നു.

മാലിദ്വീപിൽ നിന്നെത്തി കോവിഡ് ബാധിച്ച് മരിച്ച ചാലക്കുടി സ്വദേശി ഡെന്നി ചാക്കോയുടെ മൃതദേഹം പള്ളിയിലെ കല്ലറയിൽ സംസ്കരിക്കുന്നതിന് പള്ളിക്കമ്മിറ്റിയിൽ നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും എതിർപ്പ് ഉയർന്നിരുന്നു. മൃതദേഹം ദഹിപ്പിക്കാമോ എന്ന് പള്ളിക്കമ്മിറ്റിക്കാർ ആവശ്യം ഉന്നയിച്ചെങ്കിലും മതവിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സമ്മതിച്ചിരുന്നില്ല.

Exit mobile version