പ്രിയങ്ക. R. നായർ
വിക്രമാദിത്യ സദസ്സിന്റെ അലങ്കാരമായിരുന്ന ബ്രാഹ്മണ ശ്രേഷ്ഠൻ, മഹാ പണ്ഡിതനായ വരരുചി; രാമായണത്തിലെ പ്രധാന ശ്ലോകം അറിയാതെ തേടി നടന്ന 41 ദിനങ്ങൾ അദ്ദേഹത്തിന് നൽകിയ തളർച്ച ചുരുങ്ങിയതൊന്നുമല്ല. അവസാന ദിവസം ആൽമരചുവട്ടിൽ നാളെ എന്താകും തന്റെ സ്ഥിതിയെന്നാലോചിച്ച് വിഷണായിരിക്കുന്ന അദ്ദേഹത്തെ നോക്കി കാലനേമികൾ പിറുപിറുത്തു… ഹാ നോക്കൂ…,, ചോര മണം മാറാത്ത തനി തങ്കം പോലുള്ള ആ പറയി പെണ്ണിനെ “മാം വിദ്ധിം ജനകാത്മജാം ” യെന്തന്നറിയാത്ത വിഡ്ഢിയായ മഹാ പണ്ഡിത ശ്രേഷ്ഠൻ വരരുചി വേളി കഴിക്കും. പ്രധാനപ്പെട്ട ആ വരികൾ തനിക്കു പറഞ്ഞു തന്ന കാലനേമികൾക്ക് നന്ദി പറഞ്ഞ് വിക്രമാദിത്യ സദസ്സിലേക്ക് ഓടുമ്പോഴും തന്റെ ഭാവിയെ ഓർത്ത് അദ്ദേഹം വ്യാകുലപ്പെട്ടു. മഹാ ബ്രാഹ്മണനായ വരരുചി ഒരു പറയിയെ വിവാഹം കഴിക്കുമെന്നോ ?ബ്രഹ്മചര്യത്തോടെ രാജസദസ്സിൽ രത്നമായിരിക്കേണ്ട താൻ ഒരു പറയിപ്പെണ്ണിനെ പോറ്റി കുട്ട്യോളെ ഉണ്ടാക്കി ഇരിക്കയോ….?? എന്ത് വിഡ്ഢിത്തമാണ്., മനസ്സുകൊണ്ട് പോലും ചിന്തിക്കാനാകുന്നില്ല.
കാലനേമികൾ പറയുന്നത് സത്യമാണ്, അവർ ഈശ്വരനും മനുഷ്യർക്കുമിടയിൽ ദൂതന്മാരായി പ്രവർത്തിക്കുന്നു. തന്റെ പ്രവചനങ്ങളെ കൊണ്ടു വിക്രമാദിത്യ സദസ്സിനെ മുട്ടുകുത്തിച്ചിരുന്ന വരരുചിക്ക് സ്വന്തം ഭാവിക്കും രാശി വക്കാൻ പ്രയാസമുണ്ടായില്ല.. പറയ കുടിലിലെ ചോരമണം മാറാത്ത ആ കന്നി കുഞ്ഞ് രാജാവിനും പ്രജകൾക്കും നാടിനും ദോഷം.. സ്വാർത്ഥനായി തന്റെ ഭാവിക്കു വേണ്ടി ആ കുഞ്ഞിനെ പേറ്റുനോവു മാറാത്ത ഒരു അമ്മയുടെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങി ,കത്തുന്ന പന്തം നെറുകയിൽ തറച്ച് ,മുറ്റത്ത് കുലക്കാറായി നിന്നിരുന്ന വാഴ വെട്ടി, ചങ്ങാടവും തീർത്ത്, ഒഴുക്കി വിട്ടു… വിധിയെ നോക്കി വരരുചി ക്രൂരമായി ചിരിച്ചു.
നാളുകൾ കടന്നു പോയി.ഒരിക്കൽ വിശന്ന വയറുമായി ഒരില്ലത്തിന്റെ വാതിലിൽ മുട്ടുമ്പോൾ , വിധിയോടാണ് താൻ എതിരിടാൻ പോകുന്നത് എന്നദ്ദേഹം കരുതി കാണില്ല. 108 കറികൾ കൂട്ടി ഉണ്ണണം, എന്നിട്ട് മൂന്നാളെ തിന്നണം, നാലാൾ ചുമക്കണം എന്ന വലിയ വ്യവസ്ഥ കേട്ടു നടുങ്ങിയ വൃദ്ധനായ പിതാവിനെ നോക്കി അടക്കിയ ചിരിയോടെ മകൾ പറഞ്ഞു, അച്ഛൻ പേടിക്കേണ്ട എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് പറയൂ. അവളുടെ ബുദ്ധിസാമർത്ഥ്യത്തിലും, കഴിവിലും മയങ്ങിയ വരരുചി പഞ്ചമിയെ ജീവിത സഖിയാക്കി. തന്റെ പ്രാണ പ്രേയസ്സിയുടെ മുടിയിഴകളിൽ വിരലോടിച്ചപ്പോൾ കണ്ട ആ മുറിപ്പാട്;വിധിയുടെ വിളയാട്ടത്തിന് തുടക്കമായി.കൂരിരുട്ടുള്ള ആ രാത്രിയിൽ അവളെ കോരി യെടുത്ത് കിണറ്റിൽ വലിച്ചെറിയാമെന്ന് നിനക്കുമ്പോഴും കാല സർപ്പം കാലിൽ ചുറ്റി തടയുന്നു.ഞെട്ടിയെഴുന്നേറ്റ പഞ്ചമി അദ്ദേഹത്തിന്റെ കാൽക്കൽ വീണപേക്ഷിച്ചു; എന്നെ ഉപേക്ഷിക്കരുത്..
അതെ ജീവിതാവസാനം വരെ തന്റെ പ്രിയ പത്നിക്ക് കൊടുത്ത വാക്ക് അദ്ദേഹം പാലിച്ചു.
പഞ്ചമി, പറയിപ്പെറ്റ പന്തിരുകുലത്തിന്റെ മാതാവ്, പഞ്ചമി പെറ്റ പന്തിരുകുലം; കണ്ണീരിൽ കുതിർന്ന ജീവിതം, ദു:ഖ പുത്രി, പതിവ്രത, വിധിയെ പഴിക്കാനാകുമോ..? വിധിയുടെ ക്രൂരതയല്ലേയെന്ന് നമ്മെ ചിന്തിപ്പിക്കുന്ന ജീവിതം. പറയി പെണ്ണിനെ വിവാഹം ചെയ്തു എന്ന മഹാ സത്യം മറക്കാനായി വരരുചി ഭിക്ഷാംദേഹിയായി നാടു തോറുമലഞ്ഞു. പാവം പഞ്ചമി എന്ത് പിഴച്ചു, അവിടേയും വിധി വില്ലനായി. പൊള്ളുന്ന പാറക്കൂട്ടങ്ങൾക്ക് നടുവിൽ, കൊടുംകാട്ടിൽ തന്റെ കന്നി പ്രസവത്തിലെ പൊന്നോമന യേ ഒരു നോക്കു കാണുവാനോ… എന്തിന് മുലയൂട്ടാനുള്ള മാതാവിന്റെ അവകാശം പോലും നിഷേധിച്ച വരരുചി കഠിന ഹൃദയനായിരുന്നോ….? വിധിയെ തോൽപ്പിക്കാൻ അഗ്നിസാക്ഷിയായി സ്വീകരിച്ച പ്രിയതമയെ ഇത്രയധികം നോവിക്കേണ്ടിയിരുന്നോ…?? വായ് കീറിയാൽ അന്നം കൽപ്പിച്ചിട്ടുണ്ട് എന്ന തന്റെ സിദ്ധാന്തങ്ങളിൽ ആ മാതൃ ഹൃദയത്തെ കബളിപ്പിച്ച മഹാശ്രേഷ്ഠൻ. ഓരോ പ്രസവത്തിലും തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു പോരുമ്പോൾ ആ മാതാവ് എത്ര തേങ്ങിയിട്ടുണ്ടാകും.? സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ ഒരു നോക്കു കാണാൻ താതന്റെ ഹൃദയം വെമ്പിയിട്ടുണ്ടാകില്ലേ…
പക്ഷേ വാശി’.. വിധിയോടുള്ള അടങ്ങാത്ത പകയായിരുന്നിലേ ആ മനസ്സിൽ.. അതിൽ ഇരയായത് പാവം പഞ്ചമി, അവൾ എന്ത് തെറ്റ് ചെയ്തു… വിധി, ഒരേ ഉത്തരം… ചില നിയോഗങ്ങൾ .!!
ഭർത്തൃ വാക്യങ്ങളെ ഈശ്വര വാക്യമായി കരുതിയിരുന്ന ആ മാതാവിന് ഒരു പക്ഷേ ഈ വേദനകൾ താങ്ങാനുള്ള കരുത്ത് പ്രപഞ്ച മാതാവ് നൽകിയിരിക്കണം. അവസാനത്തെ കുഞ്ഞിനെയെങ്കിലും വളർത്തണമെന്നാശിച്ച പഞ്ചമിയുടെ നാവിൽ വിധി സത്യം പറഞ്ഞു; പതിവ്രതയായ ഭാര്യ ഭർത്താവിനോട് പറയുന്നതെല്ലാം സത്യമാണ്. വായുള്ള തന്റെ കുഞ്ഞിനെ നോക്കി വായില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ;പൊട്ടിക്കരയുന്ന അവർക്ക് മുന്നിൽ വരരുച്ചി മുട്ടുമടക്കി; പ്രീയേ നീയാരാണ് എന്നാണ് കരുതിയത്..? വരരുചിയുടെ പതിവ്രതയായ പത്നിയാണ്, പന്തിരുകുലത്തിന്റെ മാതാവാണ്, കാലം നമ്മെ ഓർമ്മിക്കും, നിന്നിലൂടെ, നമ്മുടെ മക്കളിലൂടെ… അതൊരു രോദനമായിരുന്നില്ലേ…? ഒരു നിമിഷം അദ്ദേഹത്തിന്റെ കണ്ണുകൾ നനയാതിരുന്നില്ല. താനിത്ര ക്രൂരനായല്ലോ… അവൾക്ക് ഒരു കുഞ്ഞിനെ പോലും കൊടുത്തില്ലല്ലോ ….? പക്ഷേ അപ്പോഴേക്കും വിധി അവരെ തേടിയെത്തിയിരുന്നു,, അവർ പറന്നകന്നു. ആ ജീവിതം പരാജയമായിരുന്നോ..? വിധിയോട് പൊരുതിയുള്ള ആ ജീവിതം ഒരു നിയോഗം മാത്രമായിരുന്നില്ലേ? ജന്മനിയോഗം നിറവേറ്റാൻ മാത്രം കടപ്പെട്ടവരല്ലേ അവർ..? 12 മക്കൾ പന്ത്രണ്ടിടത്തിൽ വളർന്നു, സാക്ഷാൽ വിഷ്ണു സ്വരൂപങ്ങൾ. അവരുടെ ബാല്യമോ യൗവനമോ ഒന്നും തന്നെ ആസ്വദിക്കാൻ ആ അമ്മക്ക് യോഗം ഉണ്ടായില്ല.പക്ഷേ അതുകൊണ്ടായിരിക്കും പഞ്ചമി മാതാവ് അനശ്വരയായത്.
എന്തോ പന്തിരുകുലത്തിലൂടെ യാത്ര ചെയ്യുമ്പോൾ ആ മാതൃഹൃദയത്തിന്റെ തേങ്ങൽ എവിടേയോ കേൾക്കുന്ന പോലെ തോന്നുന്നു.ഒരച്ഛന്റെ കരുതലും എന്റെ ആത്മാവിനെ സ്പർശിക്കുന്നു.
എല്ലാ യാഗങ്ങളും കഴിഞ്ഞ് ബ്രഹ്മദത്തന്റ ഇല്ലത്ത് നിന്ന് എല്ലാവരും പിരിഞ്ഞ് പോകുമ്പോഴും; കത്തിയമർന്ന യാഗശാലക്ക് കാവലായി ആ മാതാവും പിതാവും ഇരുന്നിരുന്നു. ഓരോ ശ്രാദ്ധത്തിനും ആ ഇല്ലത്ത് 12 പേർ കൂടുമ്പോളും; ആ അമ്മ മക്കൾ വച്ച ബലിചോറ് കഴിക്കുകയായിരുന്നോ….? തന്റെ മക്കളുടെ വളർച്ച അദൃശ്യയായി നിന്ന് ആസ്വദിക്കുകയായിരുന്നില്ലേ? താരാട്ടു പാടി ഉറക്കാൻ പറ്റാത്ത ആ കൈകൾ നോക്കി സങ്കടപ്പെട്ടു കാണില്ലേ…? പുത്ര സ്നേഹത്താൽ ആ മാറിടം ചുരന്നു കാണില്ലേ…?
പഞ്ചമി മാതാവേ.. നീയെന്നും ഈ പ്രപഞ്ചത്തിന്റെ മാതാവാണ്. അമ്മയുടെ രോദനത്തിന് കണ്ണീരാൽ മാപ്പ് പറയുന്നു., അമ്മയുടെ ജീവിതം ഈ പന്ത്രണ്ട് മക്കളാൽ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. പഞ്ചമി വെറും പറയിയല്ല, ശക്തിസ്വരൂപിണിയാണ്.. ജന്മം കൊണ്ടല്ല ബ്രാഹ്മണ്യം നേടേണ്ടത് എന്ന് നീ തെളിയിച്ചിരിക്കുന്നു. അതെ പഞ്ചമി അനശ്വരയാണ്. പഞ്ചമിയെ മാതാവാക്കിയ ആ ബ്രാഹ്മണ ശ്രേഷ്ഠന് നന്ദി.
ഇനിയും പഞ്ചമി തേങ്ങുമോ…. അമ്മ കരയരുത്….. എന്നാലും മാതൃ ഹൃദയമല്ലേ അതങ്ങനെയാണ്…. ഇന്നും പന്തിരുകുലത്തിന്റെ വളർച്ച കണ്ട് ആ ദിവ്യ മാതാവ് സന്തോഷത്താൽ കണ്ണീര് തൂവുന്നു, കൂടെ കൊടുക്കാതെ പോയ ആ വാത്സല്യം ഉള്ളിൽ തുടിച്ചിട്ടേയിരിക്കുന്നു, അതേ അവർ യുഗങ്ങളായി തേങ്ങിയിട്ടേയിരിക്കുന്നു… തന്റെ മക്കൾക്കു വേണ്ടി………,,!!