Site icon Ente Koratty

വരവായി മറ്റൊരു വിഷുക്കാലം കൂടി; അറിയാം ഐതിഹ്യവും ആഘോഷവും

ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി വരവായി. മേടമാസത്തിലെ വിഷു ഓരോ മലയാളിക്കും പുതുവർഷത്തിലേക്കുള്ള കാൽവെയപ്പാണ്. മലയാളിയുടെ കാർഷിക സംസ്കാരത്തിന്റേയും ഐശ്വരത്തിന്റേയും പ്രതീകം കൂടിയാണ് വിഷു. കണി നന്നായാൽ ആ വർഷം മുഴുവൻ വീട്ടിൽ ഐശ്വര്യം നിറയുമെന്നാണ് മലയാളിയുടെ വിശ്വാസം. അറിയാം വിഷു ഐതീഹ്യവും ആഘോഷവും

എന്താണ് വിഷു?
മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസം ആണ് നാം വിഷു ആഘോഷിക്കുന്നത്. വിഷുവെന്നത് തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.

വിഷുവിന്റെ ഐതീഹ്യം
വിഷുവുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങളാണ് ഉള്ളത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതും ശ്രീരാമനുമായി ബന്ധപ്പെട്ടതും. അഹങ്കാരിയായ നരകാസുരന്റെ ദ്രോഹം സഹിക്കവയ്യാതെ ആളുകള്‍ ശ്രീകൃഷ്ണനുമുന്നില്‍ അഭയം തേടിയെത്തി. തുടര്‍ന്ന് നരകാസുര ദര്‍പ്പം ശമിപ്പിക്കാന്‍ കൃഷ്ണന്‍ യുദ്ധത്തിനൊരുങ്ങി.ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. തുടര്‍ന്ന് പ്രാഗ്‌ജ്യോതിഷത്തില്‍ വെച്ച് ഘോരമായ യുദ്ധത്തില്‍ മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം കൃഷ്ണന്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

രണ്ടാമത്തെ ഐതീഹ്യം ഇങ്ങനെ-രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണത്രേ കാരണം. കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുക്കണി
വിഷു ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് വിഷുക്കണി. പുലർച്ചെ കണികണ്ട് ഉണരുന്നതോടെയാണ് വിഷുദിന ആഘോഷങ്ങൾ തുടങ്ങുന്നത്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നത്. നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും ഒപ്പം തേച്ച് മിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും വയ്ക്കുന്നു.

വിഷു കൈനീട്ടം
വിഷു കൈനീട്ടമാണ് മറ്റൊന്നു. ഗൃഹനാഥനാണ് കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കുക. വർഷം മുഴുവൻ സമ്പദ് സമൃദ്ധി ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ച് പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുക.

Exit mobile version