Site icon Ente Koratty

കുവൈത്തിൽ മധ്യാഹ്ന ജോലി വിലക്ക് നിയമം ലഘിച്ചാൽ കടുത്ത നടപടിയെന്ന് മാൻ പവർ അതോറിറ്റി

കുവൈത്തിൽ മധ്യാഹ്ന ജോലി വിലക്ക് നിയമം ലഘിച്ചാൽ കടുത്ത നടപടിയെന്ന് മാൻ പവർ അതോറിറ്റി. നിയമലംഘനം പിടികൂടാൻ രാജ്യവ്യാപകമായി പരിശോധന തുടരുന്നു. നാളെ രാജ്യത്ത് അമ്പതു ഡിഗ്രി വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.

ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസക്കാലമാണ് കുവൈത്തിൽ മധ്യാഹ്ന ജോലി വിലക്കുള്ളത്. രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിലുള്ള ജോലികൾ പാടില്ല എന്നതാണ് നിയമം. നിയമലംഘനം കണ്ടെത്താൻ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും മാൻപവർ അതോറിറ്റി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. പെട്രോള്‍ സ്‌റ്റേഷനില്‍ ജോലിചെയ്യുന്നവര്‍, മോട്ടര്‍സൈക്കിളില്‍ ഡെലിവറി നടത്തുന്നവര്‍, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ഉച്ചനേരങ്ങളിൽ തുറന്ന സ്ഥലങ്ങളിലെ ജോലി വിലക്കിൽ ഇളവനുവദിച്ചിട്ടുള്ളത്. മറ്റു മേഖലകളിൽ ഉച്ച സമയത്ത് തൊഴിലിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി.

നിയമം ലംഘിച്ച് പണിയെടുപ്പിച്ച ഓരോ തൊഴിലാളിക്കും 100 ദിനാര്‍ വരെ പിഴ ഈടാക്കും. ഇത്തവണ വിലക്ക് പ്രാബല്യത്തിലായി ഒരാഴ്ചക്കിടെ 32 കമ്പനികൾക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിച്ചു. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുമാണ് നിയമലംഘനങ്ങലേറെയും. അതിനിടെ രാജ്യത്തു ചൂട് കനക്കുന്നതിന്റെ സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. 44 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ കൂടിയ താപനില. ചൊവാഴ്ച ഇത് അമ്പതു വരെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ അറിയിപ്പിൽ പറയുന്നത്.

Exit mobile version