മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അബുദാബി ബിഗ് ടിക്കറ്റിൽ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ ഷോപ്പിങ് സെന്റർ നടത്തുന്ന എൻ വി അബ്ദുസലാം എന്ന 28കാരനാണ് ആ ഭാഗ്യവാൻ. കേരളത്തിൽ കോഴിക്കോട് സ്വദേശിയാണ് അബ്ദുസലാം.
ടിക്കറ്റ് വാങ്ങിയപ്പോൾ, അബ്ദുസ്സലാം തന്റെ ഒമാൻ മൊബൈൽ നമ്പറിന് മുന്നിൽ നൽകേണ്ടിയിരുന്ന +968 എന്ന കോഡിന് പകരം ഇന്ത്യൻ ടെലിഫോൺ കോഡ് +91 തെറ്റായി ഉപയോഗിച്ചതാണ് പ്രശ്നമായത്. അതുകൊണ്ടുതന്നെയാണ് ബിഗ് ടിക്കറ്റ് അധികൃതർക്ക് അബ്ദുസലാമിനെ കണ്ടെത്താൻ ബുദ്ധിമുട്ടായത്.
എൻ വി അബ്ദുസലാം എന്ന മലയാളിക്കാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാൽ ഫോൺ നമ്പർ കോഡ് തെറ്റായി നൽകിയതുകൊണ്ട് അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താൻ അധികൃതർക്ക് സാധിച്ചില്ല. ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമമെല്ലാം പരാജയപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് കോടീശ്വരനെ കണ്ടെത്താൻ സഹായിക്കണമെന്ന് മലയാളി സമൂഹത്തോട് സംഘാടകർ അഭ്യർഥിച്ചത്.
ഇത് അറിഞ്ഞ ഒരു സുഹൃത്ത് അബ്ദുസലാമിനെ വിളിച്ചു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാർത്ത അറിയിച്ചു. “ഞാൻ ടിക്കറ്റ് എടുത്തപ്പോൾ ഇന്ത്യൻ കോഡ് ആണ് നൽകിയതെന്ന് മനസിലായില്ല” സന്തോഷവാനായ അബ്ദുസലാം ഖലീജ് ടൈംസിനോട് മസ്കറ്റിൽ നിന്ന് ഫോണിലൂടെ പറഞ്ഞു. ആറ് വർഷത്തിലേറെയായി അബ്ദുസലാം മസ്ക്കറ്റിലാണ് താമസിക്കുന്നത്. ഡിസംബർ 29 ന് വാങ്ങിയ അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ 323601 ആയിരുന്നു. യുഎഇയിൽ ഈ വർഷത്തെ റാഫിൾ നറുക്കെടുപ്പിലെ ആദ്യ ഭാഗ്യവാനായി അബ്ദുസലാം മാറി.
“ബിഗ് ടിക്കറ്റിൽ എന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള നാലാമത്തെയോ അഞ്ചാമത്തെയോ ശ്രമമാണിത്. ഇപ്പോൾ സമ്മാനമായി ലഭിച്ച തുക എന്റെ ചങ്ങാതിമാരുമായി പങ്കിടും. അവർ എത്ര പേരുണ്ടെന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ കൂടുതൽ ആളുകളുണ്ട്, ” അബ്ദുസലാം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയിലും, അബ്ദുസ്സലാമിന്റെ ജീവിതത്തിൽ അടുത്തിടെ ചില സന്തോഷകരമായ നിമിഷങ്ങളുണ്ടായി. മൂന്ന് മാസം മുമ്പാണ്, അദ്ദേഹം രണ്ടാമതും അച്ഛനായി. നാട്ടിലുള്ള കുടുംബം ഉടൻ മസ്ക്കറ്റിലേക്ക് എത്താനിരിക്കെയാണ് അബ്ദുസലാമിനെ തേടി വലിയ ഭാഗ്യമെത്തിയത്.
“കോവിഡ് വ്യാപനത്തെ തുടർന്നാണ് ഞാൻ എന്റെ ഗർഭിണിയായ ഭാര്യയെയും മകളെയും കേരളത്തിലേക്ക് അയച്ചത്. മൂന്നുമാസം മുമ്പാണ് എന്റെ ഭാര്യ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചത്. എന്റെ കുടുംബം ഈ ആഴ്ച ഇവിടെ തിരിച്ചെത്തും. ”- സന്തോഷത്തോടെ അബ്ദുസലാം പറഞ്ഞു.