കൊവിഡുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രവാസികളുടെ ക്വാറന്റീൻ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്. പ്രവാസികൾക്ക് പതിനാല് ദിവസം ക്വാറന്റീൻ എന്നായിരുന്നു നേരത്തേയുള്ള നിർദേശം.
ഏഴ് ദിവസത്തെ ക്വാറന്റീൻ കാലാവധി കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്തണമെന്നും നിർദേശത്തിലുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ഗൾഫിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പതിനാല് ദിവസത്തെ ക്വാറന്റീനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കൊവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവർ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിർദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നിർദേശം. രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഇവർക്ക് ഏഴ് ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.