Site icon Ente Koratty

കുവൈത്തിൽ ക്വാറന്‍റൈന്‍ ദിനം കുറക്കുന്നു; 14 ദിവസം ഒരാഴ്ച്ചയോ മൂന്നു ദിവസമോ ആക്കാന്‍ ആലോചന

കുവൈത്തിൽ യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ ദിനങ്ങൾ കുറക്കുന്ന കാര്യം പരിഗണനയിൽ. പതിനാല് ദിവസം എന്ന നിലവിലെ കാലയളവ് ഒരാഴ്ചയോ മൂന്നു ദിവസമോ ആക്കി കുറക്കുന്നതിനെ കുറിച്ചാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. വ്യോമയാന വകുപ്പാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് മുക്ത സർട്ടിഫിക്കറ്റും പതിനാലു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്. ഇതിൽ ക്വാറന്റൈൻ ദിനങ്ങൾ പകുതിയോ അതിൽ കുറവോ ആക്കണമെന്നാണ് ഡി.ജി.സി.എ ശിപാർശ ചെയ്തത്. നിർദേശത്തെ കുറിച്ച് ആരോഗ്യമന്ത്രാലയം പഠിച്ചുകൊണ്ടിരുക്കുകയെന്നാണ് വിവരം.

കുവൈത്തിലെയും സമീപ രാജ്യങ്ങളിലെയും കോവിഡിന്‍റെ തീവ്രതയും അപകടാവസ്ഥയും ഇതുമായി ബന്ധപ്പെട്ട് പഠനവിധേയമാക്കും. രാജ്യത്ത് വൈറസിന് ജനിതക മാറ്റം സംഭവിച്ച് അപകടാവസ്ഥ കുറഞ്ഞിട്ടുണ്ട് എന്നൊരു വാദമുണ്ട്. മരണനിരക്ക് കുറഞ്ഞതിന് ഒരു കാരണമായി ഇത് ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ കേസുകളുടെ എണ്ണത്തിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ വർധനവും പരിഗണിക്കും. ഒരാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാക്കി നെഗറ്റീവ് ആണെങ്കിൽ നിർബന്ധിത ക്വാറന്റൈൻ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്.

ഇതോടൊപ്പം കോവിഡ് റിസ്ക് കൂടിയ 34 രാജ്യങ്ങളുടെ വിലക്ക് എടുത്തുമാറ്റി ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കുവൈത്തിൽ ഹോട്ടൽ ക്വാറന്റൈനിൽ പാർപ്പിക്കണമെന്ന നിർദേശവും മന്ത്രാലയത്തിന്റെ മുന്നിലുണ്ട്. വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചെങ്കിലും 34 രാജ്യങ്ങൾക്കു വിലക്കുള്ളതിനാൽ സർവീസുകൾ പൂർണ തോതിൽ ആയിട്ടില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ചു ആണ് ഇന്ത്യ നിന്നുൾപ്പെടെ ആളുകൾ എത്തുന്നത്. ഇതിനു പകരം ഇവിടെ തന്നെ ഹോട്ടൽ ക്വാറന്റൈന് അനുമതി നൽകണമെന്ന് ആവശ്യം ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നു ഉയർന്നിട്ടുമുണ്ട്. ഇക്കാര്യങ്ങൾ എല്ലാം വിശദമായി പഠിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Exit mobile version