Site icon Ente Koratty

സൗദിയില്‍ ഉയര്‍ന്ന തസ്തികകളില്‍ 75 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാന്‍ നീക്കം

സൗദി സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ജോലികളിൽ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍‌ നീക്കം. ഇതിനു മുന്നോടിയായി നിർദേശം ശുറാ കൗൺസിൽ ഈ ആഴ്‌ച ചർച്ച ചെയ്യും. ഈ വിഷയത്തിലുള്ള ഭേദഗതി വോട്ടിനിട്ടാകും ശൂറ പാസാക്കുക. വിദേശ നിക്ഷേപത്തിന് സ്വദേശിവത്കരണം തടസ്സമാകില്ലെന്നാണ് ശൂറയുടെ പക്ഷം.

12 ശതമാനത്തിലേറെയാണ് സൌദിയിലെ തൊഴിലില്ലായ്മ നിരക്ക്. സൌദി പൌരന്മാര്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന്‍റെ ഭാഗമാണ് 75 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നത്. എന്നാല്‍‌ തൊഴിൽ വിപണിക്ക് അനിവാര്യമായ വിദേശ ജോലിക്കാരുണ്ടാകേണ്ട സാഹചര്യം മുന്‍നിര്‍‌ത്തിയാണ് 25 ശതമാനം വിദേശികളെ നിലനിര്‍ത്താന്‍ അനുമതി. തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന ശുറാ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്‌ത്‌ വോട്ടിനിടും.

ശൂറയുടെ അംഗീകാരം ലഭിച്ചാൽ സൗദി തൊഴിൽ നിയമത്തിലെ 26 ആം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടായിരിക്കും നിയമം നടപ്പാക്കുക. ശൂറയിലെ ഡോ. ഗാസി ബിൻ സഖർ, അബ്ദുല്ല അൽ ഖാലിദി, ഡോ. ഫൈസൽ ആൽ ഫാദിൽ എന്നീ അംഗങ്ങളാണ് വിഷയം ചർച്ചക്കായി അവതരിപ്പിക്കുക. പുതിയ നിയമം വിദേശ നിക്ഷേപത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഡോ. ഗാസി ബിൻ സഖർ വിശദീകരിച്ചു. വിദേശ നിക്ഷേപകർക്ക് സൗദി ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി അനുവദിക്കുന്ന ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ സംവിധാനവും തുടരും.

Exit mobile version