Site icon Ente Koratty

വിദ്യാർത്ഥികളുടെ പ്രത്യേക ചാർട്ടർ വിമാനം ഇന്നലെ കൊച്ചിയിലെത്തി

വിദ്യാർത്ഥികളുടെ പ്രത്യേക ചാർട്ടർ വിമാനം ഇന്നലെ കൊച്ചിയിലെത്തി. കുവൈത്ത് എയർവെയ്സിന്റെ ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയ വിമാനമാണ് വിദ്യാർത്ഥികൾക്കായി രക്ഷിതാക്കൾ പ്രത്യേകം ചാർട്ടർ ചെയ്തത്.

ഈ വിമാനത്തിലെത്തിയ 331 യാത്രക്കാരിൽ 160 പേരും വിദ്യാർത്ഥികളാണ്. ബാക്കിയുള്ളവർ ഇവരുടെ രക്ഷിതാക്കളും മറ്റും. കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ആണ് ഇന്നലെ എത്തിയവർ. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള ജെഇഇ, എൻഇഇടി, കെഇഎഎം തുടങ്ങിയ മത്സര പരീക്ഷകൾ എഴുതുകയാണ് നാട്ടിലെത്തിയ വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യം.

കുവൈത്തിൽ നേരത്തെ ലോക്ക്ഡൗൺ തുടങ്ങിയതിനാൽ ചില പരീക്ഷകൾ എഴുതാൻ കഴിയാതിരുന്നതു തന്നെ വിദ്യാർത്ഥികൾക്ക് ആശങ്കയുളവാക്കിയിരുന്നു. വിമാന സർവീസുകൾ നിർത്തുകയും ചെയ്തതോടെ ഇവരുടെ ആശങ്ക വർധിച്ചു. ചാർട്ടർ വിമാനസര്‍വീസുകൾ ആരംഭിച്ചതോടെ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പല തരത്തിലും ശ്രമിച്ചെങ്കിലും വിജയിക്കാതായതോടെയാണ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ചേർന്ന് വിമാനം ചാർട്ടർ ചെയ്യാൻ തീരുമാനിച്ചത്.

ഇന്നലെ രാവിലെ കുവൈത്തിൽ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് 5 മണിയോടെ നെടുമ്പാശേരിയിലെത്തി. മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയ എല്ലാ സുരക്ഷാ മുൻകരുതലുകളുമെടുത്തായിരുന്നു ഇവരുടെ യാത്ര. ഇന്നലെയെത്തിയവരിൽ ഭൂരിഭാഗവും കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ക്വാറന്റീനിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ ക്വാറന്റീനിൽ കഴിയും.

ഇന്നലെ ഓസ്ട്രേലിയയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി 21 വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളിലെത്തിയത്. നേരത്തെ അറിയിച്ചിരുന്നതിൽ ഇൻഡിഗോയുടെ ദോഹ വിമാനവും സലാം എയറിന്റെ മസ്കത്ത് വിമാനവും റദ്ദാക്കി.

Exit mobile version