തിരുവനന്തപുരം: ശാരീരിക അവശതകൾ കാരണം ഏറെ നാളായി രാഷ്ട്രീയ പ്രതികരണങ്ങളിൽ സജീവമായിരുന്നില്ല ഉമ്മൻചാണ്ടി. കോവിഡ് കാലത്ത് ഉമ്മൻചാണ്ടിയുടെ തിരക്കുകൾ നാലു ചുമരുകൾക്കുളളിലൊതുങ്ങി. ഇടപെടലുകളെല്ലാം ഫോൺ മുഖേനയായിരുന്നു. പ്രവാസി വിഷയത്തിൽ സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെടാൻ വേണ്ടിയാണ് ഒരിടവേളക്ക് ശേഷം ഇന്ന് വാർത്തസമ്മേളനം നടത്തിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിൽ കൊണ്ടുവന്ന വികസന നേട്ടങ്ങൾ ഉമ്മൻചാണ്ടി അക്കമിട്ട് നിരത്തി .
തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ്, കാസർകോഡ് മെഡിക്കൽ കോളജ്, ഹീമോഫീലിയ രോഗികൾക്ക് മരുന്നിന് ആവശ്യമായ തുകക്ക് പരിധി ഒഴിവാക്കിയത്, അർഹരായവർക്കെല്ലാം കോക്ലിയർ ഇംപ്ലാന്റ് , ഇതെല്ലാം യു.ഡു.എഫിന്റെ അഭിമാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിവിലും ഊർജസ്വലനായ ഉമ്മൻചാണ്ടിയോട് പതിവില്ലാത്ത ചോദ്യങ്ങളും പിന്നാലെയെത്തി. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുകയാണോയെന്ന് ആദ്യ ചോദ്യം. തനിക്ക് എന്നും ഒരു പോലെ തന്നെയെന്നായിരുന്നു മറുപടി.
പ്രതിപക്ഷത്തിന്റെ പ്രവർത്തനം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റേത് മികച്ച പ്രവർത്തനമാണെന്നതിൽ ആർക്കാണ് തർക്കമെന്നായിരുന്നു മറുചോദ്യം. തൊട്ടുപിന്നാലെ അടുത്ത ചോദ്യമെത്തി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെയാകുമോ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? അതെല്ലാം ഹൈക്കമാന്റാണ് തീരുമാനിക്കുന്നതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.കോൺഗ്രസിൽ നേതൃദാരിദ്ര്യമില്ല. കഴിവും ജനസമ്മതിയുമുളള നിരവധി നേതാക്കളുണ്ട്. ഗ്രൂപ്പും തർക്കങ്ങളും എല്ലാ കാലത്തമുണ്ട്. പക്ഷേ അതൊന്നും ഒരു കാര്യത്തിലും ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.