മുല്ലപ്പളളിയെ ഉന്നംവെച്ച് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു
വിവാദ പരാമർശത്തിന്റെ പേരിൽ മുല്ലപ്പളളിയെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കാനുളള ഭരണപക്ഷത്തിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ് . മുല്ലപ്പളളിയെ ഉന്നംവെച്ച് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി മറുപടിയുമായി പ്രതിപക്ഷനേതാവ് മാധ്യമങ്ങളെ കാണും. മുല്ലപ്പളളിയുടെ പ്രസ്താവനയെ തളളി ലീഗ് നേതൃത്വം രംഗത്ത് വന്നു
ആരോഗ്യ മന്ത്രിക്കെതിരായ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയിലെ പദപ്രയോഗങ്ങൾ ശരിയായില്ലെന്ന പൊതു വിലയിരുത്തലാണ് കോൺഗ്രസിലും യു.ഡി.എഫിലും ഉളളത്.വിവാദ പ്രയോഗത്തെ പിന്തുണച്ച് നേതാക്കളാരും രംഗത്ത് വരാത്തതും ഇതിൻറെ സൂചനയാണ്. ആരോഗ്യമന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ലീഗിന്റെയും നിലപാട്.
എന്നാൽ പ്രസ്താവന പ്രതിപക്ഷത്തിനെതിരെയുളള ആയുധമാക്കാനുളള സി.പി.എം ശ്രമത്തെ ഒറ്റക്കെട്ടായി ചെറുക്കാനാണ് യു.ഡി.എഫ് തീരുമാനം.മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകാനും ധാരണയായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉച്ചക്ക് ശേഷം നടത്തുന്ന വാർത്ത സമ്മേളനം ഇതിന്റെ തുടക്കമാവും.മുല്ലപ്പളളിയെ വിമർശിക്കാനുളള ധാർമ്മിക അവകാശം ഉണ്ടോയെന്ന് മുഖ്യമന്ത്രി ആലോചിക്കണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് അഭിവാദ്യമർപ്പിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നു.