കേരളാ കോൺഗ്രസിലെ തർക്കം മുതലെടുക്കാനൊരുങ്ങി ബിജെപി. ഇരു മുന്നണികളും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പാർട്ടിക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നെന്ന് 24നോട് പറഞ്ഞു. പാലായിൽ മാത്രം ബിജെപിക്ക് 25000 ഉറച്ച വോട്ടുണ്ട്. മൂവാറ്റുപുഴയിൽ ബിജെപി പിന്തുണയോടെ പിസി തോമസ് ജയിച്ച മുൻ അനുഭവമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളാ കോൺഗ്രസിൽ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള തർക്കം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുറത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുക്കുകയാണ് ബിജെപി. ജോസ് കെ മാണി വിഭാഗത്തെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. കേരളാ കോൺഗ്രസിന്റെ ലക്ഷ്യം കർഷക താത്പര്യമാണെങ്കിൽ അത് മുൻനിർത്തി ബിജെപിയുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദം നൽകി, ഒപ്പം നിൽക്കുന്ന മറ്റുള്ളവർക്കും പ്രാധാന്യമുള്ള മറ്റ് പദവികളും നൽകുമെന്നാണ് സൂചന. ജോസ് കെ മാണിയോ, ജോസഫോ ബിജെപിയിലേക്ക് വരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയ ശേഷമേ മറ്റ് കാര്യങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുകയുള്ളു.