Site icon Ente Koratty

സ്പ്രിന്‍ക്ലറിന്റേത് സൗജന്യ സേവനം: നിയമവകുപ്പിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

സ്പ്രിന്‍ക്ലറിന്റേത് സൗജന്യ സേവനമായതിനാൽ നിയമവകുപ്പിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 15000 രൂപയിൽ താഴെ ഉള്ള സേവനങ്ങൾ നിയമവകുപ്പിന്റെ അനുമതിയില്ലാതെ വാങ്ങാൻ ഐറ്റി വകുപ്പ് മേധാവിക്ക് അധികാരം ഉണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ.

വൻതോതിലുള്ള വിവര ശേഖരണത്തിന് സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലറിന്റെ സേവനം തേടിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിൽ നിൽക്കുമ്പോൾ ഒരു വ്യക്തിയുടെ സുരക്ഷയ്ക്കല്ല മുൻഗണന നൽകേണ്ടി വരിക എന്ന്‌ വ്യക്തമാക്കിയാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. കേരളത്തിലെ നാലിൽ ഒരു ഭാഗം ആളുകൾ കോവിഡ് പിടിയിൽ ആകുമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവചനം. ആ ഘട്ടത്തിൽ അടിയന്തരമായി സജ്ജമാകുകയാണ് സർക്കാരിന് മുന്നിലുള്ള പോംവഴി. സർക്കാരിന് വൻതോതിൽ വിവര ശേഖരണത്തിന് സംവിധാനമില്ല. ഈ ഘട്ടത്തിലാണ് സ്പ്രിന്‍ക്ലര്‍ കമ്പനി സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നത്. പൊതുജന താല്പര്യം മുൻനിർത്തി ആണ് കരാർ ഉണ്ടാക്കിയത്.

ഐടി വകുപ്പ് ഈ സോഫ്ട്‍വെയർ പർച്ചെയ്സ് ചെയ്യുകയായിരുന്നു. 15000 രൂപയിൽ താഴെ ഉള്ള സേവനങ്ങൾ വാങ്ങാൻ ഐടി വകുപ്പ് മേധാവിക്ക് അധികാരം ഉണ്ട്. ഇതിനു നിയമ വകുപ്പിന്റെ അനുമതി ആവശ്യമില്ല. അതിനാൽ ചർച്ച പോലും വേണ്ടതില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതാ നിയമത്തിന്റെ ലംഘനമോ വിവര ചോർച്ചയോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയാണ് കരാർ ഉണ്ടാക്കിയത്. ന്യൂയോർക്ക് അധികാര പരിധി വെച്ചത് കരാർ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾക്ക് മാത്രമാണ്. സ്പ്രിന്‍ക്ലര്‍ ശേഖരിക്കുന്ന വിവരങ്ങൾ ഇന്ത്യൻ സർവ്വറിൽ സുരക്ഷിതമാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

Exit mobile version