Site icon Ente Koratty

കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

കെ.എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കി.

2013-14 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി.

ഹൈസ്കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ററി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്കൂളിന് അനുമതി ലഭിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. മാനേജ്മെന്‍റ് ലീഗ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ തയ്യാറായിരുന്നു. കെ.എം ഷാജി ഇടപെട്ട് പണം കൊടുത്തില്ല. പിന്നീട് സ്കൂളിന് അനുമതി ലഭിച്ചപ്പോള്‍ മാനേജ്മെന്‍റ് 25 ലക്ഷം കെ.എം ഷാജിക്ക് നല്‍കിയെന്നാണ് പരാതി.

ലീഗ് പ്രാദേശിക നേതൃത്വമാണ് ആദ്യം കെ.എം ഷാജിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതെന്ന് പത്മനാഭന്‍ പറയുന്നു. സ്കൂള്‍ അനുവദിക്കാന്‍ ലീഗ് പ്രാദേശിക കമ്മറ്റിയാണ് ഇടപെട്ടത്. പാര്‍ട്ടി കെട്ടിടമുണ്ടാക്കാന്‍ 25 ലക്ഷം രൂപ നല്‍കാന്‍ സ്കൂള്‍ മാനേജ്മെന്‍റുമായി ധാരണയായി. എന്നാല്‍ പണം എം.എല്‍.എ ഇടപെട്ട് സ്വന്തമാക്കിയെന്നാണ് പരാതി. തുടര്‍ന്നാണ് താന്‍ 2017 സെപ്തംബറില്‍ പരാതി നല്‍കിയതെന്ന് പത്മനാഭന്‍ പറഞ്ഞു.

താന്‍ 25 ലക്ഷം രൂപ എന്നല്ല ഒരു രൂപയും ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നാണ് ഷാജി പറയുന്നത്. പിണറായി വിജയനെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു. പിണറായി മുണ്ടുടുത്ത മോദിയാണെന്നും കെ.എം ഷാജി പറയുന്നു.

Exit mobile version