Site icon Ente Koratty

കൊറോണ വൈറസ്: ‘പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കും ടോര്‍ച്ചും’; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4122 ആയി. പുതുതായി 440 പേര്‍ക്ക് കൂടി രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചു. മരണ സംഖ്യ 83 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 748 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113 ആണ്. 42 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.


തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 571 ആയി. ഇവിടുത്തെ മരണസംഖ്യ അഞ്ചാണ്. ദില്ലിയില്‍ 503 പേര്‍ക്കും തെലങ്കാനയില്‍ 272 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഞായറാഴ്ച പുതുതായി എട്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 314 ആയി. ശക്തമായ നിയന്ത്രണങ്ങല്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം ഇത്തരത്തില്‍ ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്.



സുരക്ഷാ ഉപകരണങ്ങള്‍
രാജ്യത്തെ കൊവിഡ് വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. കോവിഡിനെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

വിമര്‍ശന ചിത്രം
ആത്മാര്‍ത്ഥയോടെ അവരുടെ സേനനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി പേര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരന്തരം അപകടത്തെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. കൊറോണയുടെ പശ്ചാത്തലില്‍ നരേന്ദ്ര മോദി ആഹ്വനം ചെയ്ത പാത്രം കൊട്ടലിനേയും ദീപം തെളിയിക്കലിനേയും വിമര്‍ശിക്കുന്ന ഒരു ചിത്രവും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

മറ്റ് രാജ്യങ്ങളും ഇന്ത്യയും
ലോകത്തെ മറ്റു രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ കിറ്റില്‍ മാസ്‌ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും തവിയുമൊക്കെയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കാണിക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ദീപം തെളിയിക്കല്‍
അതേസമയം, പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ രീതിയില്‍ തന്നെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു. രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു. ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപം തെളിയിച്ചത്

പങ്കെടുത്ത് പ്രമുഖര്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ ഐക്യ ദീപം തെളിയിക്കലില്‍ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണച്ചു.

Exit mobile version