മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെക്കും. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രകാരം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കുറച്ച് മുമ്പ് കൃത്യമായ ഭൂരിപക്ഷം ഉണ്ടെന്ന് പ്രഖ്യാപിച്ച കമല്‍നാഥിന് വലിയ തിരിച്ചടിയാണ് ഇത്. ബിജെപിക്ക് ഒരേസമയം രാഷ്ട്രീയ വിജയം കൂടിയാണിത്. കമല്‍നാഥ് വിശ്വാസ വോട്ടിനില്ലെന്നാണ് സൂചന. അതേസമയം അധികാരത്തിലെത്തിയാലും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് സൂചന. വിശ്വാസ വോട്ടിന് നില്ക്കാന് കമല്‍നാഥിന് താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം 16 വിമത എംഎല്‍എമാര്‍ വോട്ടെടുപ്പിന് എത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കോവിഡിന്റെ പേരില്‍ നിയമസഭാ സമ്മേളനം നീട്ടിവെച്ച് വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് തല്ക്കാലം രക്ഷപ്പെടാനുള്ള കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കമാണ് കോടതി തടഞ്ഞത്. വിശ്വാസ വോട്ടെടുപ്പ് സുതാര്യമാക്കാന്‍ രഹസ്യ ബാലറ്റ് ഒഴിവാക്കണം, അംഗങ്ങള്‍ കൈപ്പൊക്കി വോട്ട് രേഖപ്പെടുത്തണം, നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കണം എന്നീ നിര്‍ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്.
വിശ്വാസ വോട്ടെടുപ്പില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ അധികാരമില്ലെന്ന കോണ്‍ഗ്രസ് വാദം തള്ളിയാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടത്. ആറ് മന്ത്രിമാര്‍ അടക്കം 22 എംഎല്‍എമാര്‍ കൂറുമാറിയ പശ്ചാത്തലത്തില്‍ 206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം. 107 സീറ്റുള്ള ബിജെപിയുടെ നില ഭദ്രമാണ്. സ്വതന്ത്രരുടെയും ബിഎസ്പി, എസ്പി അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ അംഗസംഖ്യ 99 ആണ്. നേരത്തെ സുപ്രീം കോടതിയുടെ വിധി നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു.
പക്ഷേ ചര്‍ച്ചകളിലെല്ലാം ഭൂരിപക്ഷമില്ലെന്ന വാദമാണ് ഉയര്‍ന്നത്. വിമതര്‍ ഇതുവരെ കമല്‍നാഥിനെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ ഉച്ചയ്ക്ക് 12 മണിക്ക് കമല്‍നാഥ് രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. വെറും മൂന്ന് വരിയിലാണ് കോണ്‍ഗ്രസ് വിപ്പ് നല്‍കിയത്. ബിജെപിയും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് വിശ്വാസ വോട്ടിന് തയ്യാറാണെന്ന് എംഎല്‍എ ജിത്തു പട്വാരി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ രാജിവെക്കുന്നതോടെ ബിജെപിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്. കര്‍ണാടകത്തിന് പിന്നാലെ മറ്റൊരു സംസ്ഥാനം കൂടി ബിജെപി നേടിയെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവരാജ് സിംഗ് ചൗഹാന് വെല്ലുവിളി നേരിടും.