Site icon Ente Koratty

ജോൺ ബ്രിട്ടാസ്, വി.ശിവദാസ് രാജ്യസഭയിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സി പി എം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭയിലേക്ക്. ഏപ്രിൽ 30നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. സി പി എമ്മിന്റെ രാജ്യസഭ സ്ഥാനാർതഥികളെ ഇന്നാണ് പ്രഖ്യാപിച്ചത്.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് തീരുമാനം. ജോൺ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭയിലേക്ക് എത്തുമ്പോൾ കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല.
കൈരളി ടിവി എംഡി ആണ് ജോൺ ബ്രിട്ടാസ്. സി പി എം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസൻ.

ജോൺ ബ്രിട്ടാസ്
മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവും കൈരളി ടി വിയുടെ എം ഡിയുമാണ്. ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടി വി തുടങ്ങിയപ്പോൾ ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എം ഡിയുമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി അടക്കമുള്ളവരെ കാണാനെത്തുമ്പോൾ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായി ജോൺ ബ്രിട്ടാസും ഒപ്പം ഉണ്ടാകാറുണ്ട്.

ഡോ വി ശിവദാസൻ
എസ് എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡന്റാണ് വി ശിവദാസ്. എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന സമയത്ത് ദേശീയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി അദ്ദേഹം ഉണ്ടായിരുന്നു. ഇപ്പോൾ സി പി എം സംസ്ഥാന സമിതി അംഗമാണ്.

ഈ മാസം മുപ്പതാം തിയതിയാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. ഈ മാസം മുപ്പതാം തിയതിയാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. അതേസമയം, രാജ്യസഭയിലേക്ക് കെ കെ രാഗേഷിനെ വീണ്ടും പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ടേം വ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുക്കുകയായിരുന്നു. നിയമസഭയിലേക്ക് ടേം നിബന്ധന നടപ്പാക്കിയത് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെയാണ് കെ കെ രാഗേഷിനെ ഒഴിവാക്കിയത്.

Exit mobile version