Site icon Ente Koratty

എൻ.സി.പി ഇടതുമുന്നണിയിൽ തുടരും

എൻ.സി.പി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് ദേശീയ നേതൃത്വം. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. എൽ.ഡി.എഫിന്റെ ഭാഗമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു.

പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്നും എൻ.സി.പി. ദേശീയ നേതൃത്വം പറഞ്ഞു. നിലപാട് ശരദ് പവാർ സീതാറാം യെച്ചൂരിയെ അറിയിച്ചു. സിറ്റിങ് സീറ്റ് തോറ്റ പാർട്ടിക്ക് നൽകുന്നതിനോടു യോജിപ്പില്ലെന്നും എൻസിപി സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എൻ.സി.പി സംസ്ഥാന നേതൃത്വത്തിലുള്ള തർക്കം പരിഹരിക്കാൻ ഇന്ന് ഡൽഹിയിൽ നടന്ന ചർച്ചയിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. പാലാ സീറ്റ്‌ ജോസ് കെ മാണിക്ക് നൽകാനുള്ള സിപിഎം നീക്കങ്ങളെ തുടർന്നാണ് എൻസിപിയിൽ തർക്കം രൂപപെട്ടിരിക്കുന്നത്. സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വികാരം.

സിറ്റിംഗ് സീറ്റുകൾ പോയാൽ മുന്നണി വിടണമെന്ന നിലപാട് മാണി സി കാപ്പൻ പവാറിനെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ടതില്ല എന്നാണ് ശശീന്ദ്രൻറെ നിലപാട്. ശശീന്ദ്രനെ അനുകൂലിക്കുന്നവർ ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ ശരദ് പവാറിനെ കണ്ട് ഇടത് മുന്നണിയിൽ ഉറച്ചു നിൽക്കണമെന്ന നിലപാട് അറിയിച്ചിരുന്നു.

മാണി സി കാപ്പനും ശരദ് പവാറുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. മാണി സി കാപ്പനെ പൂർണമായി പിന്തുണക്കുന്നതിൽ നിന്നും കഴിഞ്ഞ ഇടത് മുന്നണി യോഗത്തോടെ സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പിന്നോട്ട് പോയിട്ടുണ്ട്

Exit mobile version