Site icon Ente Koratty

തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്‍പര്യം പരസ്യമാക്കി ഇബ്രാഹിംകുഞ്ഞ്; ലീഗ് നേതൃത്വം പ്രതിസന്ധിയില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം വി കെ ഇബ്രാഹിംകുഞ്ഞ് പരസ്യമായി പ്രകടിപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മുസ്ലീംലീഗും ഒപ്പം യുഡിഎഫും. പാലാരിവട്ടം പാലം നിര്‍മ്മാണ ക്രമക്കേടിന്റെ പേരില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിനെ മത്സരരംഗത്തിറക്കുന്നത് മുന്നണിക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സീറ്റില്‍ ഇബ്രാഹിംകുഞ്ഞ് അവകാശ വാദം ഉന്നയിച്ചത് മകന് സീറ്റ് ഉറപ്പാക്കാനാണെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരായ ഇടത് മുന്നണിയുടെ പ്രധാന പ്രചാരണ ആയുധമാണ് പാലാരിവട്ടം പാലം നിര്‍മ്മാണ ക്രമക്കേട്. കേരളം തെരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുമ്പോള്‍ പാലാരിവട്ടം അഴിമതിയും സജീവ ചര്‍ച്ചാ വിഷയമായി നിലനില്‍ക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കി പരിചയ സമ്പന്നര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറെടുക്കുമ്പോഴാണ് കളമശ്ശേരി സീറ്റില്‍ അവകാശവാദമുന്നയിച്ച് വി കെ ഇബ്രാഹം കുഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുടേതെന്ന് വ്യക്തമാക്കുമ്പോഴും തനിയ്ക്ക് അയോഗ്യതയില്ലെന്ന് ഇബ്രാഹിംകുഞ്ഞ് പറയുന്നു. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്നായിരുന്നു യുഡിഎഫിന്റെ കുത്തക മണ്ഡലമായ തൃപ്പൂണിത്തുറയില്‍ കെ ബാബു പരാജയപ്പെട്ടത്. സമാന സാഹചര്യം കളമശ്ശേരിയിലും ഉണ്ടാകുമോയെന്ന് ലീഗിന് ആശങ്കയുണ്ട്. ഇത് മുന്നണിയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഈ സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞിനെ മാറ്റുകയാണെങ്കില്‍ അദ്ദേഹത്തിന് താല്‍പര്യമുള്ളയാളെ പരിഗണിക്കണമെന്ന ആവശ്യമുണ്ട്. മകനും മുസ്ലീംലീഗ് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി ഇ അബ്ദുള്‍ ഗഫൂറിനെ മത്സരിപ്പിക്കാന്‍ ഇബ്രാഹിംകുഞ്ഞിന് താല്‍പര്യമുണ്ട്… എന്നാല്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മറ്റ് നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ക്കും. ഈ സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞിനെ അനുനയിപ്പിക്കാനാകും ലീഗ് നേത്യത്വത്തിന്റെ നീക്കം.

Exit mobile version