Site icon Ente Koratty

ബിജെപിയെ പുല്‍കില്ല; ബംഗാള്‍ വീണ്ടും തൃണമൂലിന് ഒപ്പമെന്ന് സര്‍വേ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 294 അംഗ സഭയില്‍ തൃണമൂല്‍ 154 മുതല്‍ 162 വരെ സീറ്റു നേടുമെന്നാണ് സര്‍വേ പ്രവചനം.

ബിജെപിക്ക് 98 മുതല്‍ 106 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യം 26 മുതല്‍ 34 വരെ സീറ്റു നേടും. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍വേ പ്രവചിക്കുന്നത് രണ്ടു മുതല്‍ ആറു സീറ്റു വരെയാണ്.

വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ഏതു വിധേനയും അധികാരത്തില്‍ വരാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനോടകം നിരവധി തൃണമൂല്‍ നേതാക്കളെ ബിജെപി തങ്ങളുടെ പാളയത്തില്‍ എത്തിച്ചിട്ടുണ്ട്.

നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് മമത
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത് എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

ഇടതുമുന്നണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ 2011ലെ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നാണ് മമത പ്രചാരണം ആരംഭിച്ചിരുന്നത്. ഇവിടത്തെ കര്‍ഷക പ്രക്ഷോഭമാണ് ഇടതിന് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചത്.

നന്ദിഗ്രാമിലെ സ്പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ മാ, മാതി, മാനുഷ് (മാതാവ്, ഭൂമി, ജനം) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത ബംഗാള്‍ കീഴടക്കിയത്.

തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ വിമതരെ നിശ്ശബ്ദമാക്കുക എന്ന തന്ത്രം കൂടി മമതയുടെ നീക്കത്തിന് പിന്നിലുണ്ട്.

അമ്പതിനായിരം വോട്ടിന് തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന് സുവേന്ദു
മമതയെ അമ്പതിനായിരം വോട്ടിനെങ്കിലും തോല്‍പ്പിക്കുമെന്ന് തിരിച്ചടിച്ച് സുവേന്ദു അധികാരി. അല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷം മുമ്പാണ് മമത നന്ദിഗ്രാമില്‍ വന്നത്. തെരഞ്ഞെടുപ്പ് കാലത്തു മാത്രമേ അവിടെ വരാറുള്ളൂ. 2015 ഡിസംബര്‍ 15നാണ് ഇതിനു മുമ്പ് അവര്‍ നന്ദിഗ്രാമിലെത്തിയത്, തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന വേളയില്‍. നന്ദിഗ്രാമിലെ ജനങ്ങളോട് എന്തു ചെയ്തു എന്നാണ് ചോദിക്കാനുള്ളത്. എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ സിംഗൂരിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നന്ദിഗ്രാമിലെ കൂട്ടക്കൊലയെ കുറിച്ച് പരാമര്‍ശിക്കുന്നു പോലുമില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version