കൊട്ടാരക്കര: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ് കുമാര്‍ ജയിലിലാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. നിയമസഭയില്‍ പിണറായി വിജയന് വേണ്ടി കൈ പൊക്കുന്ന ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്, പത്തനാപുരം പൊലീസ് സംഘങ്ങള്‍ വീട് റെയ്ഡ് ചെയ്താണ് ഗുണ്ടാ നേതാവായ പ്രദീപിനെ പിടികൂടിയത്. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പൊലീസിന്റെ പക്കല്‍ ശക്തമായ തെളിവുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പൊലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പൊലീസിന് പണി വരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോക്കാട് ജംക്‌ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപി.