Site icon Ente Koratty

ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തു

പാര്‍ട്ടി മേല്‍വിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിന് പിന്നാലെ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം തീരുമാനമെടുത്തു.

കെഎം മാണിയുടെ മരണശേഷം രണ്ടായ പാര്‍ട്ടിയില്‍ ജോസ് വിഭാഗം സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ച് ഒരുതവണ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തിയതാണ്. 2019ലെ സംസ്ഥാന കമ്മിറ്റിയോഗവും ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിയും തൊടുപുഴ, കട്ടപ്പന കോടതികള്‍ നടപടികള്‍ മരവിപ്പിച്ചിരുന്നു. പിജെ ജോസഫ് നല്‍കിയ പരാതിയിലായിരുന്നു കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും, ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭ്യമായതോടെ ജോസ് പക്ഷം ഔദ്യോഗിക കേരള കോണ്‍ഗ്രസ് എം ആയി. പാര്‍ട്ടി ചിഹ്നവും പേരും ലഭിച്ചതിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരെഞ്ഞെടുത്തത്. രണ്ടില ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമ വാദം ഈ മാസം 8ന് ആരംഭിക്കാനിരിക്കെയാണ് നടപടി. നിലവിലെ കമ്മിറ്റിക്ക് കാലാവധി നീട്ടി നല്‍കാന്‍ യോഗം തീരുമാനമെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ ആയതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി അടിയന്തര രഹസ്യ യോഗം ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയനുശേഷം ഒപ്പം ചേരാന്‍ നേതാക്കള്‍ താല്‍പര്യം അറിയിച്ചെങ്കിലും ഇവരെ ഉടന്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തില്‍ കളം പിടിക്കാന്‍ ഒരുങ്ങുന്ന ജോസ് കെ മാണി രാജ്യസഭാ സീറ്റ് ഉടന്‍ രാജിവച്ചേക്കും.

Exit mobile version