Site icon Ente Koratty

പാല, കാഞ്ഞിരപ്പിള്ളി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ

പാല, കാഞ്ഞിരപ്പിള്ളി നിയമസഭാസീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാം, പകരം കൊല്ലം ജില്ലയില്‍ ഒരു സീറ്റുവേണമെന്നാണ് സിപിഐയുടെ ആവശ്യം. പാല സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിഎംപി മത്സരിച്ച ചവറയും ആര്‍.എസ്.പി ലെനിലിസ്റ്റിന്റെ കൈവശമുള്ള കുന്നത്തൂരോ ആണ് സിപിഐ ആവശ്യം. പാല വിട്ടുകൊടുക്കുമെന്ന ഉറപ്പിലാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ വാക്കുപാലിക്കാന്‍ തന്നെയാണ് സിപിഐഎം തീരുമാനം.

പാല വിട്ടുകൊടുക്കില്ലെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം അവര്‍ മുഖവിലക്കെടുക്കുന്നില്ല. എന്നാല്‍ പാലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം എന്‍.സി.പി പിളരുമെന്ന വാദം തള്ളി. എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയും എന്‍.സി.പി സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിനു ശേഷം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എന്‍.സി.പി.യെ അനുനയിപ്പിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പകരം സീറ്റു നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ദൗത്യം വിജയിച്ചില്ലെങ്കിലും പാല ജോസ് കെ മാണി വിഭാഗത്തിനെന്ന നിലപാടില്‍ സിപിഐഎം പിന്നോട്ടുപോകില്ല.

Exit mobile version