തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പി ജെ ജോസഫ് രംഗത്ത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരി. വിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി തങ്ങളെ തോല്‍പ്പിച്ചുവെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് തന്നെയാണ്. എന്നാല്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നൽകിയെന്നും പിജെ ജോസഫ് പറഞ്ഞു.
മറുവശത്ത് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കി. പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത്. 13 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോണ്‍ഗ്രസ്(എം)ന് പങ്ക് അവകാശപ്പെടാം.
കോതമംഗലം മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയല്‍ എല്‍.ഡി.എഫിന് സീറ്റുകള്‍ വര്‍ധിപ്പിക്കാനായി. കേരള കോണ്‍ഗ്രസിനെ പുറത്താക്കിയവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം കൂടിയായി.
അതേസമയം തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളില്‍ ജോസഫ് വിഭാഗം തോല്‍ക്കുക കൂടി ചെയ്തതോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന ജോസ് കെ മാണിയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതായി.