Site icon Ente Koratty

രജിനി കാന്തിന്റെ പാർട്ടി മക്കൾ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

ചെന്നൈ: സൂപ്പർതാരം രജിനികാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ പേരുമാറ്റി രജിസ്റ്റർ ചെയ്തു. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇതോടെ ബാഷ സ്റ്റൈലിൽ രജനി കാന്ത് തമിഴ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാർട്ടി ഒരുങ്ങുന്നത്. ജനുവരിയിൽ പുതിയ രാഷ്ട്രീയ പാർട്ടി നിലവിൽ വരുമെന്ന് രജിനി കാന്ത് ഡിസംബർ എട്ടിന് വ്യക്തമാക്കിയിരുന്നു. “വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഞങ്ങൾ തീർച്ചയായും വിജയിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ സത്യസന്ധവും സുതാര്യവും അഴിമതി രഹിതവും ആത്മീയവുമായ രാഷ്ട്രീയം പ്രദാനം ചെയ്യുകയും ചെയ്യും” – രജിനികാന്ത് വ്യക്തമാക്കി. തീരുമാനം സംബന്ധിച്ച കൂടുതൽ പ്രഖ്യാപനം ഡിസംബർ 31 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രജനീകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുത്തുമെന്നും ഡി‌എം‌കെ, എ‌ഐ‌ഡി‌എം‌കെ, ബിജെപി തുടങ്ങിയവർ നേതൃത്വം നൽകുന്ന സഖ്യത്തെ പുനർ‌നിർവചിക്കാമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നടന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിക്കാൻ ഡിഎംകെ ഇതിനകം തയാറായിട്ടുണ്ടെങ്കിലും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സഹായി ശശികലയുടെ മടങ്ങിവരവോട് തമിഴ്നാട്ടിലെ രാഷ്ട്രീയക്കളിക്കളത്തിൽ വലിയ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്.

Exit mobile version