കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി സന്ദര്‍ശിച്ച പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെതാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു
കണ്ണൂരിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പി കെ കൃഷ്ണദാസിന്റെ ആരോപണം. മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താന്‍ പോലും സ്വന്തമായി പദ്ധതിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ധര്‍മ്മടം എം എല്‍ എ കൂടിയായ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ നേരില്‍ കാണാനെത്തിയത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി വികസന പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.