കോട്ടയം: ജില്ലയില്‍ യു ഡി എഫ് സീറ്റു വിഭജനം പൂര്‍ത്തിയായതിനു പിന്നാലെയാണ് പ്രതിഷേധവുമായി ആര് എസ് പി രംഗത്തെത്തിയത്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലും കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകള്‍, കുറിച്ചി, പനച്ചിക്കാട്, മണിമല പഞ്ചായത്തുകളിലും ആർ എസ് പിക്ക് സീറ്റുകള്‍ നല്‍കുമെന്നായിരുന്നു മുന്നണിയിലെ ധാരണ.
എന്നാല്‍, ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി അരുണ്‍ ആരോപിച്ചു.
വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലായി 18 സീറ്റുകള്‍ ആവശ്യപ്പെട്ടതില്‍ നാല് എണ്ണം മാത്രമാണ് നല്‍കിയത്. ഈ സീറ്റുകളില്‍ മുന്നണിയായും മറ്റിടങ്ങളില്‍ മുന്നണി സ്ഥാനാര്‍ത്ഥികൾക്ക് എതിരെയും മത്സരിക്കാനാണ് തീരുമാനം.
500 പേരു പോലുമില്ലാത്ത ജോസഫ് ഗ്രൂപ്പിന് ജില്ലാ പഞ്ചായത്തില്‍ ഒമ്പതു സീറ്റു വിട്ടു നല്കിയ കോണ്‍ഗ്രസ് ഡി സി സിയെ പുറപ്പുഴയില്‍ കൊണ്ടു കെട്ടുകയായിരുന്നു. കറക്കുന്ന പശുവിനെ വിറ്റ് അറക്കുന്ന കാളയെ വാങ്ങിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്ന ഡി സി സി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അന്വര്‍ത്ഥമാണെന്നും ആര് എസ് പി നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളാണ് യു ഡി എഫ്, ആർ എസ് പിക്ക് നല്‍കിയത്. ഇതില്‍ ഒരു സീറ്റ് ജയിച്ചു. മറ്റ് ഏഴിടങ്ങളില്‍ ഒറ്റയ്ക്ക് മത്സരിച്ചിരുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. എരുമേലി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമാവുകയും ചെയ്തുന്നു. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ പ്രതിഫലനം ഉണ്ടാവുമെന്നും ആർ എസ് പി നേതാക്കള്‍ മുന്നറിയിപ്പു നല്കുന്നു.
നേരത്തെ ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റു പോലും നല്‍കാതിരുന്നതിനെ തുടര്‍ന്ന് തനിച്ചു മത്സരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം എടുത്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 2025 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് തനിച്ചു മത്സരിക്കാനുള്ള തീരുമാനം ലീഗ് മരവിപ്പിക്കുകയായിരുന്നു.