തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഇടമാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ബിജെപി. ജില്ലാ അധ്യക്ഷൻ വി വി രാജേഷ് തന്നെ കോർപ്പറേഷൻ വാർഡിൽ മത്സരിക്കും. ബിജെപിയുടെ സിറ്റിംഗ് വാർഡായ പൂജപ്പുരയിൽ നിന്നാവും രാജേഷ് ജനവിധി തേടുക.
കോർപ്പറേഷൻ മേയർ സ്ഥാനം ഇത്തവണ വനിതാസംവരണം ആണെങ്കിലും, കടുത്ത പോരാട്ടം നടത്തി ഭരണം പിടിക്കാനാണ് വി വി രാജേഷിനെ കളത്തിലിറക്കിയതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്. 35 വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. 50 ലധികം വാർഡുകളിൽ വിജയിച്ച് ഭരണം പിടിക്കുകയാണ് ഇത്തവണ ലക്ഷ്യം. മേയർ സ്ഥാനം വനിതാസംവരണം ആണെങ്കിലും മേയർ സ്ഥാനാർഥിയെ ചൂണ്ടിക്കാണിച്ച് അല്ല ബിജെപി പ്രചരണം നടത്തുന്നത്. തിരുവനന്തപുരം നഗര വികസനത്തിന് വേണ്ടിയുള്ള വലിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവച്ചിരിക്കുന്നത്.
തിരുവനന്തപുരം കോർപറേഷന് സമാനമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് പരമാവധി സംസ്ഥാന നേതാക്കളെ കളത്തിലിറക്കാൻ ആണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം ദേശീയ അധ്യക്ഷൻ ജെ പി നദ്ദ യുമായി കെ സുരേന്ദ്രൻ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഇത്. മുൻ ജില്ലാ അധ്യക്ഷനും സംസ്ഥാന സെക്രട്ടറിയുമായ എസ് സുരേഷ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നുണ്ട്. പാലക്കാട്, തൃശൂർ നഗരസഭകളിലും സംസ്ഥാന നേതാക്കളെ കളത്തിലിറക്കിയേക്കും.